അയോധ്യ ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ബിജെപി അധികാരത്തിലുണ്ടാവില്ലെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഇന്ന് അയോധ്യയിൽ ശിവസേന നടത്തുന്ന റാലിക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയാണ് ബിജെപിക്ക് ഉദ്ധവിന്റെ താക്കീത്. ക്ഷേത്രനിർമാണം ബിജെപി നീട്ടിക്കൊണ്ടു പോകുകയാണെന്നും ഉദ്ധവ് ആരോപിച്ചു.
ഇവിടെയെത്തിയതിനു പിന്നിൽ മറച്ചുവച്ച ലക്ഷ്യങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും വികാരം കണക്കിലെടുത്താണ് തന്റെ വരവെന്നും ഉദ്ധവ് പറഞ്ഞു. ക്ഷേത്രനിർമാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ഇന്ന് അയോധ്യയിൽ ശിവസേന ശക്തിപ്രകടനം നടത്തുകയാണ്. സരയൂ തീരത്തു നടക്കുന്ന റാലിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുക്കുന്നത്.
'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായി വിശ്വഹിന്ദുപരിഷത്തും ഇന്ന് അയോധ്യയിൽ റാലിയും സന്യാസികളുടെ ധർമസഭയും നടത്തുന്നുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത പൊലീസ് സന്നാഹമാണ്. അയോധ്യയെ 16 മേഖലകളായി തിരിച്ച് ഓരോന്നും ഓരോ ഡിഎസ്പിയുടെ കീഴിലാക്കി. നഗരത്തിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.