ചേർത്തല ∙ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി, രാഹുൽ ഗാന്ധിയുടെ നിലപാടിനോടും പ്രതികരിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്ന രീതിയാണു കോൺഗ്രസിന്. കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തപ്പോൾ പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പ്രധാന നേതാവാണെന്ന പരിഗണന നൽകണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരള ഭരണ നിർവഹണ സർവീസ് (കെഎഎസ്) നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിർദേശങ്ങളും ഉപദേശങ്ങളും പുനഃപരിശോധിക്കണമെന്നും അതുവരെ നിയമന നടപടികൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തു നൽകിയതായി വെള്ളാപ്പള്ളി അറിയിച്ചു. മുന്നാക്ക ജാതി സംവരണവും സാമ്പത്തിക സംവരണവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കെ ദേവസ്വം ബോർഡുകൾ വഴി മുന്നാക്ക ജാതി, സാമ്പത്തിക സംവരണം നടപ്പാക്കാൻ സർക്കാർ ഒത്താശ നൽകുന്നതിൽ പ്രതിഷേധമുണ്ട്.
അഖിലേന്ത്യാ സർവീസിലേക്കു യുപിഎസ്‍സി നടത്തുന്ന മാതൃകയിലും നിലവാരത്തിലും സമാനമായ രീതിയിൽ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്താനാണു കെഎഎസിന്റെ കാര്യത്തിലും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പിന്നാക്ക സമുദായങ്ങളെ ഒഴിവാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി മൂന്നിലൊന്നു ഒഴിവുകളിൽ മാത്രം നേരിട്ടു നിയമിക്കാനും ഇതിൽ മാത്രം സംവരണം ഏർപ്പെടുത്താനുമാണു തീരുമാനം. ഭരണവകുപ്പും നിയമസെക്രട്ടറിയും മുഴുവൻ തസ്തികകളിലും ഭരണഘടനാനുസൃതമായ സംവരണം ശുപാർശ ചെയ്തിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ 80% പട്ടിക, പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കില്ല. നീതിപൂർവം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.