ഗുരുവായൂർ ∙ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ഇളയ മകന്‍ ആനന്ദ് അംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ്.പ്രസാദ് എന്നിവരോടൊപ്പം രാവിലെ 9.20 നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
സോപാനത്തു നെയ്, കാണിക്ക, കദളിക്കുല എന്നിവ സമർപ്പിച്ചു തൊഴുതു. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി പ്രസാദം നല്‍കി. അംബാനിയുടെ മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകൾ കണ്ണനു സമർപ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനും ക്ഷണക്കത്ത് കൈമാറി.
മുംബൈയില്‍നിന്നു രാവിലെ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയാണു ഗുരുവായൂരിലെത്തിയത്. കൊച്ചിയില്‍നിന്നു ഹെലികോപ്റ്ററില്‍ രാവിലെ 8.50 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി. അവിടെനിന്നു കാറിൽ ദേവസ്വത്തിന്റെ ശ്രീവല്‍സം ഗെസ്റ്റ്ഹൗസിലെത്തി. 9.20ന് ക്ഷേത്രദര്‍ശനം. 10 ന് രാമേശ്വരം ക്ഷേത്രത്തിnsക്കു തിരിച്ചു. അവിടെ പൂജകള്‍ ഏല്‍പിച്ചതിനാല്‍ നടയടയ്ക്കുന്നതിനു മുന്‍പെത്താൻ തിരക്കിട്ടായിരുന്നു യാത്ര.
ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയുമായുള്ള വിവാഹവും ഇഷ അംബാനിയും ആനന്ദ് പിരാമലുമായുള്ള വിവാഹവും 12ന് മുംബൈയില്‍ നടക്കും. നവദമ്പതികളുമായി വീണ്ടും ദര്‍ശനത്തിനെത്തുമെന്നു മുകേഷ് അംബാനി ദേവസ്വം ചെയര്‍മാനോടു പറഞ്ഞു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, പി.ഗോപിനാഥന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.കെ.രാമചന്ദ്രന്‍, എം.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.ശങ്കുണ്ണിരാജ്, മാനേജര്‍ എസ്.ശശിധരന്‍ എന്നിവര്‍ മുകേഷ് അംബാനിയെ സ്വീകരിച്ചു.