ന്യൂഡൽഹി ∙ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഈ കാര്യം അറിയിച്ചത്. പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്നു കഴിഞ്ഞ ദിവസം പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ഇന്ത്യയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി യാതൊരുവിധ ചർച്ചകളോ സഹകരണമോ ഇല്ലെന്നു സുഷമ സ്വരാജ് മാധ്യമങ്ങളോടു പറഞ്ഞു. കർതാർപുർ സിഖ് ഇടനാഴിയുടെ പാക്കിസ്ഥാൻ ഭാഗത്തെ നിർമാണോദ്ഘാടനത്തിൽ രണ്ടു കേന്ദ്ര മന്ത്രിമാരും പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവും പങ്കെടുത്തത് ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
2013 മുതൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിമാരായ ഹർസിമ്രത് കൗർ ബാദലും ഹർദീപ് സിങ് പുരിയും ലാഹോറിലെ കർതാർപുർ ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ കർതാർപുർ സിഖ് ഇടനാഴിയും നയതന്ത്ര ചർച്ചയും രണ്ടാണെന്നു സുഷമ സ്വരാജ് പറഞ്ഞു. ‘കഴിഞ്ഞ 20 വർഷമായി കർതാർപുർ ഇടനാഴിക്കായി ഇന്ത്യ ശ്രമിക്കുകയാണ്. പാക്കിസ്ഥാൻ ആദ്യമായി അതിനോടു അനുകൂലമായി പ്രതികരിച്ചത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ നയതന്ത്ര ചർച്ചയുമായി അതിനു ബന്ധമില്ല’.– സുഷമ പറഞ്ഞു.
2016 ലും പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഉറിയിൽ അതിർത്തി കടന്നെത്തിയ ഭീകരർ സൈനികത്താവളത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു. 2014–ൽ നേപ്പാളിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ എന്നിവയാണ് സാർക്ക് അംഗരാജ്യങ്ങൾ.