ന്യൂഡൽഹി∙ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ തിളച്ചുമറിഞ്ഞ് ഡല്‍ഹി. നാളത്തെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ നാലു ദിക്കില്‍നിന്നുമായി ഡല്‍ഹിയിലേക്കു പ്രതിഷേധിച്ചെത്തുകയാണ്. കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറോളം കര്‍ഷക സംഘടനകളാണു നാളെത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വിത്തുകളുടെ വൈവിധ്യം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കര്‍ഷക പ്രതിഷേധം. ഒന്നര വര്‍ഷത്തിനിടെ നാലാം തവണയാണു ഡല്‍ഹിയിലേക്കു കര്‍ഷക സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്.