ഇസ്‌ലാമാബാദ് ∙ മുൻപുനടന്ന കാര്യങ്ങൾക്കു തനിക്ക് ഉത്തരവാദിത്തമേൽക്കാൻ സാധിക്കില്ലെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ തിരയുന്ന ഭീകരനേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണു പാക്ക് പ്രധാനമന്ത്രിയുടെ പ്രതികരണം.
നമുക്കു മുൻകാലത്തു ജീവിക്കാൻ സാധിക്കില്ല. ഇന്ത്യയിലെ ‘വാണ്ടഡ്’ ആയിട്ടുള്ളവരുടെ പട്ടിക ഞങ്ങളുടെ കൈവശമുണ്ട്. സ്വന്തം മണ്ണിൽ തീവ്രവാദം ഉള്ളതു പാക്കിസ്ഥാനു താൽപര്യമുള്ള വിഷയമല്ല– ഇമ്രാൻ ഖാൻ വ്യക്തമാക്കി.
1993ൽ മുംബൈയിൽ 12 ഇടങ്ങളിലായി നടന്ന സ്ഫോടന പരമ്പരകളുടെ ബുദ്ധികേന്ദ്രമാണ് പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിം. 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റി ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചശേഷം അറസ്റ്റ് ഒഴിവാക്കുന്നതിനായി ദാവൂദ് പാക്കിസ്ഥാനിൽ അഭയം പ്രാപിച്ചു. ദാവൂദിന്റെ കറാച്ചിയിലെ വിലാസമടക്കം ഭീകരരുടെ പട്ടിക യുഎൻ പുറത്തുവിട്ടതോടെ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നതിനു സ്ഥിരീകരണവും ആയി.
ദാവൂദിന്റെ കൂട്ടാളികളായ ടൈഗർ മേമൻ, യാക്കൂബ് മേമൻ, അബു സലേം എന്നിവരെയും സ്ഫോടനക്കേസിൽ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോൾ അബു സലേമിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.