Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്തെ നിയന്ത്രണം പൂർണമായും നീക്കണമെന്ന് ദേവസ്വം ബോർഡ്; പറ്റില്ലെന്ന് പൊലീസ്

sabarimala-pilgrims ശബരിമല സന്നിധാനത്ത് തൊഴുതു നിൽക്കുന്ന ഭക്തർ (ഫയൽ ചിത്രം)

പത്തനംതിട്ട∙ സന്നിധാനത്തെ പൊലീസ് നിയന്ത്രണം പൂർണമായും പിൻവലിക്കണമെന്ന് അവലോകന യോഗത്തില്‍ ദേവസ്വം ബോർഡ്. ഡിജിപി ഉറപ്പു നൽകിയിട്ടും നിയന്ത്രണം നീക്കാൻ വൈകുന്നെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറഞ്ഞു.  ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്നതു തീർഥാടകർക്കു പ്രയാസമുണ്ടാക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഡിസംബർ ആറ് കഴിയാതെ നിയന്ത്രണങ്ങൾ നീക്കാനാവില്ലെന്ന് പൊലീസ് മറുപടി നല്‍കി. രമ്യമായ പരിഹാരമുണ്ടാക്കാമെന്ന് അവലോകനയോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ കഴിഞ്ഞ ദിവസം നാലു ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ നാലിന് അർധരാത്രി വരെ നിരോധനാജ്ഞ നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണു ജില്ലാ പൊലീസ് മേധാവി കലക്ടർക്കു നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്. എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം നാലു ദിവസത്തേക്കു കൂടി നിരോധനാജ്ഞ നീട്ടാൻ ജില്ലാ കലക്ടർ തീരുമാനിക്കുകയായിരുന്നു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിലവിലുള്ള നിരോധനാജ്ഞയാണ് നീട്ടിയത്.