കോട്ടയം∙ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് എൻഎസ്എസ് തീരുമാനം. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ എൻഎസ്എസ് പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധിക്കു ശേഷം സർക്കാരും ദേവസ്വം ബോർഡും സ്വീകരിച്ച നിലപാടിന്മേലാണ് ഇന്നത്തെ ചർച്ച. അതേസമയം, ഇന്നു ചേരാനിരിക്കുന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ്എൻഡിപി നിലപാട്. യോഗക്ഷേമസഭാ നേതാക്കളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇന്നു വൈകിട്ടാണ് സമുദായ സംഘടനകളുടെ യോഗം.
അതിനിടെ സന്നിധാനത്ത് രാവിലെ തന്ത്രി കണ്ഠര് രാജീവരുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാറും ഒപ്പമുണ്ടായിരുന്നു. മേൽശാന്തിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
ദേവസ്വംമന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോള്‍ അവലോകന യോഗം തുടരുകയാണ്. ഐജി ദിനേന്ദ്ര കശ്യപ്, കലക്ടർ നൂഹ് തുടങ്ങിയവരും പങ്കെടുക്കുന്നു. ഒരു മണിക്കൂറാണ് അവലോകന യോഗത്തിനായി മന്ത്രി മാറ്റിവച്ചിരിക്കുന്നത്. സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനുണ്ട്. ശബരിമലയിലെ വരുമാനത്തിൽ ഗണ്യമായ കുറവ് നേരിട്ടതും ചർച്ചയിൽ വരും. നിരോധനാജ്ഞ പ്രഖ്യാപിച്ചതു സംബന്ധിച്ച ചർച്ചകളും ഉണ്ടാകുമെന്നാണറിയുന്നത്.