Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാൻ ശ്രമം: സർക്കാരിനെതിരെ എൻഎസ്എസ്

G. Sukumaran Nair ജി.സുകുമാരൻ നായർ

കോട്ടയം ∙ ശബരിമല വിഷയത്തിന്റെ പേരിൽ ഇൗശ്വര വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. കോടതിവിധി നടപ്പാക്കാൻ കഴിയാത്തതിനു കാരണം സവർണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണു സർക്കാർ.

സവർണനെന്നും അവർണനെന്നും ചേരിതിരിക്കുന്നതു ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ. അതുവഴി ശബരിമലവിഷയത്തിനു പരിഹാരം കാണാമെന്നുള്ള സർക്കാർനീക്കം രാഷ്ട്രീയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. ഒരു ജനാധിപത്യ സർക്കാർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നടപടിയാണിത്.

സർവകക്ഷിയോഗം വിളിച്ചു സർക്കാരിന്റെ തീരുമാനം അടിച്ചേൽപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, നവോത്ഥാനത്തിന്റെ പേരിൽ സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. അതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണു നവോത്ഥാന പ്രവർത്തങ്ങളിലൂടെ നമ്മുടെ നാട്ടിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സ്ത്രീപ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്റെയും പ്രശ്നമാണ്.

ഈ വസ്തുത തിരിച്ചറിഞ്ഞ്, ആദ്യം തന്നെ കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ തയാറായില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ബന്ദിയാക്കി, ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണു നവോത്ഥാനത്തിന്റെ പേരിൽ നടത്തിയ ഈ സംഗമമെന്നു പറഞ്ഞാൽ തെറ്റുണ്ടോ?

ഈശ്വര വിശ്വാസികൾക്കിടയിൽ സവർണ-അവർണ ചേരിതിരിവോ ജാതിസ്പർദ്ധയോ സൃഷ്ടിച്ചു ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നു കരുതുന്നുണ്ടെങ്കിൽ സാധിക്കില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.