തിരുവനന്തപുരം ∙ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണു വനിതാ മതിൽ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ രണ്ടായി തിരിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസർകോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണു ചെന്നിത്തലയുടെ വിമർശനം.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചാണു പരിപാടി സംഘടിപ്പിക്കുന്നതെന്നാണു മുഖ്യമന്ത്രി വിശദീകരിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതിയും രൂപീകരിച്ചു.
പട്ടേലിന്റെ വലിയ പ്രതിമ സ്ഥാപിച്ചു സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാൻ ബിജെപി ശ്രമിക്കുന്ന പോലെയാണു നവോത്ഥാന പ്രസ്ഥാനവുമായി ഒരുബന്ധവുമില്ലാത്ത കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ പിതൃത്വം അവകാശപ്പെടാൻ ശ്രമിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.
മനുഷ്യചങ്ങല, മനുഷ്യമതിൽ തുടങ്ങിയവയെല്ലാം ഡിവൈഎഫ്ഐയുടെയോ സിപിഎമ്മിന്റെയോ പരിപാടിയായാണു കേരളം കണ്ടിട്ടുള്ളത്. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്താൻ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതിൽ സംഘടിപ്പിക്കുന്നതു നിഷേധാർഹമാണ്.
പ്രളയനാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു പണമില്ലാത്തപ്പോഴാണ് ഇത്തരം ധൂർത്തുകൾ. ക്ഷേത്ര പ്രവേശനത്തിന്റെ വാർഷികം ഒരിക്കലും സർക്കാർ ആഘോഷിച്ചിരുന്നില്ല. ഇത്തവണം വാർഷികം ആഘോഷിച്ചതു ലക്ഷക്കണക്കിനു രൂപ പൊതുഖജനാവിൽ നിന്നെടുത്താണ്.
വനിതാ മതിൽ സിപിഎം നടത്തുന്നതിനോടു വിയോജിപ്പില്ല. പൊതുപണം ഉപയോഗിച്ചു രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനോടു യുഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു– ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.