Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭ പിരിച്ചുവിടുന്നതിനു തൊട്ടുമുമ്പ്‌ സ്പീക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കുറിപ്പ്; വിവാദമാക്കി പ്രതിപക്ഷം

തിരുവനന്തപുരം∙ സഭ പിരിച്ചുവിടുന്നതിനു തൊട്ടുമുമ്പു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ക്കു കൊടുത്തുവിട്ട കുറിപ്പാണു പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ സഭ തടസപ്പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

Read In English

സഭാനടപടികളുടെ ദൃശ്യങ്ങളില്‍ നിയമസഭാ ജീവനക്കാരന്‍ സ്പീക്കര്‍ക്കു കുറിപ്പു നല്‍കുന്നതു ദൃശ്യങ്ങളിൽനിന്നുതന്നെ വ്യക്തമാണ്. കുറിപ്പ് എഴുതി ജീവനക്കാരന്റെ കയ്യില്‍ കൊടുത്തുവിടുന്നു. ഡയസിനു താഴെ ഇരിക്കുന്ന മറ്റൊരു ജീവനക്കാരനു കൈമാറിയ കുറിപ്പ് അദ്ദേഹം മറ്റൊരാള്‍ക്കു കൈമാറുന്നു. ഇയാളാണു കുറിപ്പു സ്പീക്കര്‍ക്കു കൈമാറുന്നത്. കുറിപ്പു വായിച്ചശേഷം ഈ സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ല എന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Pinarayi-Vijayan-to-Speaker പിണറായി വിജയൻ സ്പീക്കർക്ക് കുറിപ്പു കൊടുത്തുവിടുന്നതിന്റെ വിവിധ ദൃശ്യങ്ങൾ

കുറിപ്പു കിട്ടിയതിനു ശേഷമാണു സഭ പിരിച്ചുവിടാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയതെന്നാണു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ആരോപണം ഇങ്ങനെ: നിയമസഭ മുഖ്യമന്ത്രി തന്നെ തടസപ്പെടുത്തിയത് പ്രതിഷേധാര്‍ഹമെന്നു രമേശ് ചെന്നിത്തല പറയുന്നു. സഭ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി. മന്ത്രി ജലീലിന്റെ ബന്ധുനിയമനം ആണ് ഇന്ന് പ്രതിപക്ഷം ഉന്നയിക്കാനിരുന്നത്. ഇതില്‍ മറുപടി പറയാനില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സഭയില്‍ പെരുമാറിയത് പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കുറിപ്പു നൽകുന്നത് സ്വാഭാവികമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. സഭ നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടി മാത്രമാണിത്. സഭാ നടപടികളും ബില്ലുകളും മുടങ്ങരുതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.