Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലില്‍ തുടക്കത്തിലേ വിള്ളല്‍; യുവതീപ്രവേശത്തിനെങ്കില്‍ പിന്മാറും: സുഗതന്‍

pinarayi-vijayan നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നടത്തിയ സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.

തിരുവനന്തപുരം∙ വനിതാ മതിൽ യുവതീപ്രവേശത്തിനാണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ. വനിതാ മതിൽ സംഘാടകസമിതി ജോയിന്റ് കൺവീനറാണു സുഗതൻ. മതിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താൻ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയിൽ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണു നിലപാടെന്നും സുഗതൻ പറഞ്ഞു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നവോത്ഥാന സംരക്ഷണത്തിനു വനിതാ മതിൽ പ്രതിരോധം തീർക്കാനുള്ള സംഘാടകസമിതിയിൽ സുഗതനെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിലപാടു വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയത്. അതേസമയം, വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് 52 സംഘടനകള്‍ പിന്മാറുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു.

സുഗതനെ ഭാരവാഹിയാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനമാണുയരുന്നത്. വനിതാ മതിൽ തീർക്കാനുള്ള സമിതിയിൽ ഒരു സ്ത്രീയെപ്പോലും ഉൾപ്പെടുത്താത്തതിനെതിരെ ഇടതു സഹയാത്രികരും രംഗത്തെത്തി. അതിനിടെ, തന്റെ പേര് സമിതിയിൽ നിന്നു നീക്കണമെന്നു ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സാമൂഹിക, സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണു സുഗതനെ സംഘാടകസമിതി ജോയിന്റ് കൺവീനറാക്കിയത്. ഹാദിയ കേസിൽ രൂക്ഷമായി പ്രതികരിച്ച സുഗതൻ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത് ഓർമിപ്പിച്ച് ഇതോടെ പലരും രംഗത്തെത്തി. ശബരിമലയിൽ തുലാമാസ പൂജ നടക്കുമ്പോൾ യുവതീപ്രവേശം ചെറുക്കാൻ സുഗതനും സന്നിധാനത്ത് എത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ രാഹുൽ ഈശ്വറിനൊപ്പമാണ് അവിടെ പ്രതിഷേധത്തിൽ പങ്കെടുത്തത്. സുഗതന്റെ ഫെയ്സ്ബുക് പോസ്റ്റുകൾ സ്ത്രീവിരുദ്ധമാണെന്നും ആരോപണമുണ്ട്.

സിപിഎം അനുകൂല നിലപാടു സ്വീകരിക്കുന്നവരെ സുഗതൻ വിമർശിക്കാറുണ്ട്. ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ ഹിന്ദു സംരക്ഷണത്തിനു വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടു സ്വീകരിക്കുന്നില്ലെന്നു ബിജെപി നേതാക്കളെ കുറ്റപ്പെടുത്തിയും കുറിപ്പുകളിട്ടു. അയോധ്യയിൽ കർസേവയ്ക്കു പോയിട്ടുള്ള സുഗതൻ ഇനിയും രാമക്ഷേത്രം നിർമിക്കാത്തതിൽ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.