ലക്നൗ∙ ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടന്ന കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്.
മരിച്ച മറ്റൊരാൾ പ്രദേശവാസിയാണ്. ഒരു പൊലീസ് കോൺസ്റ്റബിളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള അക്രമത്തിന്റെ ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ ഉള്ള പുരുഷനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം സത്യം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.
ഗോവധം, ആൾക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങളുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാനും ശ്രമിച്ചു. പ്രതിഷേധിക്കുന്നവരെ മാറ്റാനെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി.