ശബരിമല ∙ മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ 13 ദിവസത്തെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 31 കോടി കുറവ്. കഴിഞ്ഞവർഷം ഇത്രയും ദിവസത്തെ വരുമാനം 50.5 കോടിയായിരുന്നു; ഇത്തവണ 19 കോടി. യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെത്തുടർന്നു തീർഥാടകരുടെ എണ്ണം കുറയുന്നതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വരുമാനക്കുറവ് കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തൽ.
50.57 കോടിയിൽനിന്ന് 19.37 കോടി രൂപയായാണു വരുമാനം കുറഞ്ഞത്. കാണിക്കയിനത്തിൽ 8 കോടിയുടെ കുറവാണുള്ളത്. കഴിഞ്ഞവർഷം ഈ ദിവസങ്ങളിൽ 21.94 കോടി രൂപയുടെ അരവണ വിറ്റിരുന്നത് ഇത്തവണ 7.23 കോടിയായി ചുരുങ്ങി. അപ്പം വിൽപനയിൽ 2.25 കോടിയുടെ വ്യത്യാസമുണ്ട്. അഭിഷേക ടിക്കറ്റിനത്തിൽ 41 ലക്ഷത്തിലധികം കിട്ടിയത് 20 ലക്ഷമായി കുറഞ്ഞു.
അന്നദാന സംഭാവന 40 ലക്ഷമെന്നത് 18 ലക്ഷമായി. ദേവസ്വം ബോർഡിന്റെ പ്രസിദ്ധീകരണങ്ങൾ വിറ്റതിൽ കിട്ടിയ 4 ലക്ഷമാണു വരുമാനക്കൂടുതലിന്റെ പട്ടികയിൽ ആകെയുള്ളത്. വരുമാനക്കുറവ് രൂക്ഷമാണെങ്കിലും ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണു ദേവസ്വം മന്ത്രിയുൾപ്പെടെ വ്യക്തമാക്കുന്നത്.