Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനച്ചിറകു വിരിച്ച് വീണ്ടും കോഴിക്കോട്; മൂന്നര വര്‍ഷത്തിനു ശേഷം വലിയ വിമാനമിറങ്ങി

karipur-airport കരിപ്പൂരില്‍ എത്തിയ യാത്രക്കാരെ സ്വീകരിക്കുന്നു.

മലപ്പുറം ∙ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്തു. മൂന്നര വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണു കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നു  വലിയവിമാനം പറന്നിറങ്ങിയത്.  ജിദ്ദയിൽ നിന്നെത്തുന്ന സൗദി എയർലൈൻസിന്റെ എയർബസ് 330 –300 വിമാനമാണ് രാവിലെ 11.10ന് ലാൻഡ് ചെയ്തത്. 

karipur-airport2

2015 ഏപ്രിലിലാണ് ഇ ശ്രേണിയിലുള്ള വലിയ വിമാനം അവസാനമായി കോഴിക്കോട് സർവീസ് നടത്തിയത്. റൺവേ നവീകരണത്തിനായി 2015 മേയിൽ കോഴിക്കോട്ട് വിമാനത്താവളം ഭാഗികമായി അടച്ചിട്ടതോടെയാണ് സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർഇന്ത്യ എന്നിവയുടെ വലിയ വിമാനങ്ങൾ സർവീസ് നിർത്തിയത്.

നവീകരണം പൂർത്തിയായെങ്കിലും റൺവേയിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ വർഷങ്ങളുടെ കാലതാമസമുണ്ടായി.  നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങിയപ്പോൾ ജനപ്രതിനിധികളുടെയും രാഷ്ട്രീയ,പ്രവാസി സംഘടനകളുടെയും ഇടപെടലാണ് കോഴിക്കോടിന് തുണയായത്. 

karipur-airport1

കോഴിക്കോട്ട് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ അനുമതി തേടിയെത്തിയ സൗദി എയർലൈൻസിന് ഓഗസ്റ്റ് ഒൻപതിന് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ആൻഡ് ഏവിയേഷൻ) അനുമതി ലഭിച്ചു.

ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് മൂന്നും സർവീസുകളാണ് സൗദി എയർലൈൻസ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ റിയാദിലേക്കും മറ്റു ദിവസങ്ങളിൽ ജിദ്ദയിലേക്കുമാണു സർവീസ്.