പ്രതീക്ഷകളുടെ വലിയ വിമാനമേറി മലബാർ; കരിപ്പൂർ വീണ്ടും പ്രതാപകാലത്തിലേക്ക്

സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ ഇറങ്ങിയപ്പോൾ. ചിത്രം: സമീർ എ. ഹമീദ്

കോഴിക്കോട് ∙ ‘ഇ’ ശ്രേണിയിൽപ്പെട്ട വലിയ വിമാനവുമായി സൗദി എയർലൈൻസ് ഇന്നു പറന്നിറങ്ങിയതോടെ അതു കോഴിക്കോട് വിമാനത്താവളത്തിന് ആശ്വാസത്തിന്റെ ‘ലാൻഡിങ്’ മാത്രമല്ല, പഴയ പ്രതാപകാലത്തേക്കുള്ള ‘ടേക്ക് ഓഫ്’ കൂടിയാണ്. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കരിപ്പൂരില്‍ വീണ്ടും വലിയ വിമാനമിറങ്ങിയത്.

അധികമെത്തുക 3 ലക്ഷം യാത്രക്കാർ

സൗദി, ജിദ്ദ സർവീസുകൾ പുനരാരംഭിക്കുന്നതോടെ യാത്രാക്കാരുടെ എണ്ണത്തിൽ കുതിപ്പുണ്ടാകും. സൗദി യാത്രക്കാരായി പ്രതിവർഷം മൂന്നുലക്ഷത്തോളം പേർ കോഴിക്കോട്ട് അധികമെത്തുമെന്നാണു പ്രതീക്ഷ. മലബാറിൽ നിന്ന് 12.5 ലക്ഷം പേരാണ് നിലവിൽ സൗദിയിൽ‌ ജോലി ചെയ്യുന്നത്. എയർ ഇന്ത്യയും സൗദി സർവീസ് പുനരാരംഭിക്കുന്നതോടെ കോഴിക്കോട്ടെ സൗദി യാത്രക്കാരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ന്നേക്കും. ഹജ്–ഉംറ തീർഥാടകരായി 1.2 ലക്ഷം പേർ കോഴിക്കോട്ടുനിന്നു സൗദിയിലെത്തും.

കഴിഞ്ഞ​ 43 മാസത്തിനിടെ കോഴിക്കോട് വിമാനത്താവളം പിന്നിട്ട വഴികൾ

1. നവീകരണം: റൺവേ അടച്ചിടുന്നു

നവീകരണത്തിന്റെ പേരിൽ 2015 മേയ് ഒന്നിന് റൺവേ അടച്ചിട്ടു. എമിറേറ്റ്സിന്റെയും സൗദി എയർലൈൻസിന്റെയും എയർ ഇന്ത്യയുടെയും വലിയ വിമാനങ്ങൾ കരിപ്പൂർ വിട്ടുപോയി. ഹജ് എംബാർക്കേഷൻ പോയിന്റ്് കൊച്ചിയിലേക്ക് മാറ്റി. വലിയ വിമാനങ്ങള്‍ക്ക്(കോഡ് ഇ) സർവീസ് അനുമതിയുള്ള കാറ്റഗറി ഒൻപതിൽ നിന്ന് കാറ്റഗറി എട്ടിലേക്ക് കോഴിക്കോട്ടെ അഗ്നിശമന സുരക്ഷാ സേനയെ തരംതാഴ്ത്തി. കാർഗോ വരുമാനം കുത്തനെ ഇടിഞ്ഞു. റൺവേ അടച്ചിട്ട് 6 മാസം കഴിഞ്ഞാണ് നവീകരണ ജോലികൾ ആരംഭിച്ചത്.

2. പരിശോധനകൾ വൈകിച്ച് ഉദ്യോഗസ്ഥർ

2017 മേയിൽ റൺവേ നവീകരണം പൂർത്തിയായി. പക്ഷേ, അധികൃതരുടെ അലംഭാവം മൂലം റൺവേ പരിശോധന ഒരു വർഷത്തോളം വൈകി. റൺവേ നീളംകൂട്ടാതെ അനുമതി നൽകില്ലെന്നായിരുന്നു ആദ്യമെത്തിയ സമിതികളുടെ നിലപാട്. ഒടുവിൽ റൺവേ, റിസ മേഖലകൾ പുനഃക്രമീകരിച്ചാൽ അനുമതി നൽകാമെന്ന ഡിജിസിഎ ഉപസമിതിയുടെ വാക്കുകൾ കരിപ്പൂരിന് വീണ്ടും പ്രതീക്ഷയായി. ഡിജിസിഎ നിർദേശപ്രകാരം 90 മീറ്റർ മാത്രമുണ്ടായിരുന്ന റിസ 240 മീറ്ററാക്കിയും റൺവേ 2700 മീറ്ററാക്കിയും ക്രമീകരിക്കാൻ തീരുമാനിച്ചു. ജോലികള്‍ 2018 മാർച്ച് 25ന് ആരംഭിച്ചു.

3. ഉദ്ഘാടനത്തലേന്ന് തരംതാഴ്ത്തല്‍

സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലേക്ക് എത്തുന്നു. ചിത്രം: സമീർ എ. ഹമീദ്

റണ്‍വേ, റീസ നവീകരണം പൂർത്തിയായി ഉദ്ഘാടനത്തിനു കാത്തിരുന്ന കരിപ്പൂരിന്റെ കുതികാൽ വെട്ടിക്കൊണ്ട് എയർപോർട്ട് അതോറിറ്റിയുടെ അടുത്ത നീക്കം. കാറ്റഗറി എട്ടില്‍ നിന്ന് ചെറിയ വിമാനങ്ങള്‍ക്ക് സർവീസ് നടത്താനാവശ്യമായ കാറ്റഗറി ഏഴിലേക്ക് കോഴിക്കോട്ടെ അഗ്നിശമന സേനയെ തരംതാഴ്ത്തി. വലിയ വിമാനങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചെത്തില്ലെന്നായി. ഇതോടെ വിമാനത്താവള വികസനത്തിനായുള്ള മുറവിളികൾക്ക് ശക്തികൂടി. തരംതാഴ്ത്തൽ ഉത്തരവു നടപ്പിലാക്കില്ലെന്ന് എയർപോർട്ട് ഡയറക്ടർ പ്രഖ്യാപിച്ചു

4. ഫയൽ പൂഴ്ത്തിയത് 3 മാസം

വിമാനത്താവളത്തിന്റെ വികസനത്തിനു തുരങ്കംവയ്ക്കാൻ എയർപോർട്ട് അതോറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ വീണ്ടും രംഗത്തിറങ്ങി. വലിയ വിമാനങ്ങളുടെ സർവീസിന് അനുമതി തേടി കോഴിക്കോട്ടുനിന്ന് സമർപ്പിച്ച സുരക്ഷാ പഠന റിപ്പോർട്ടുകൾ പലതവണ മടക്കി അയച്ചു. തുടർന്ന് 2018 ഏപിലിൽ അയച്ച സൗദി എയര്‍ലൈൻസിന്റെ റിപ്പോർട്ട് 3 മാസം എയര്‍പോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിൽ പൂഴ്ത്തിവച്ചു. രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ ജൂലൈയിലാണ് റിപ്പോർട്ട് ഡിജിസിഎയ്ക്കു കൈമാറിയത്.

5. വീണ്ടും പ്രതീക്ഷ

ഓഗസ്റ്റ് ഒൻപതിന് സൗദി എയർലൈൻസിന്റെ രണ്ടു വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി നൽകി ഡിജിസിഎ ഉത്തരവിറക്കി. പിന്നാലെ എയർ ഇന്ത്യയും കോഴിക്കോട് സർവീസ് പുനഃരാരംഭിക്കാൻ രംഗത്തെത്തി. അനുമതി നേടി മാസങ്ങൾ കഴിഞ്ഞിട്ടും സൗദി ഷെഡ്യൂൾ പ്രഖ്യാപിക്കാത്തതിലായിരുന്നു പിന്നീട് ആശങ്ക. ഡിസംബർ അഞ്ചുമുതൽ സര്‍വീസുകൾ ആരംഭിക്കുമെന്ന സൗദി എയർലൈൻസിന്റെ പ്രഖ്യാപനത്തോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്.

സൗദി എയർലൈൻസും സര്‍വീസ് പുനരാരംഭിക്കുന്നതോടെ കോഴിക്കോടുമായി വിമാനബന്ധമുള്ള രാജ്യാന്തര നഗരങ്ങളുടെ എണ്ണം 12 ആകും. 10 വിമാനകമ്പനികളാണ് നിലവിൽ കോഴിക്കോട്ടു നിന്നു രാജ്യാന്തര സർവീസുകൾ നടത്തുന്നത്. സൗദി നഗരമായ ജിദ്ദയിലേക്ക് കോഴിക്കോട്ടു നിന്നുള്ള ഏക സർവീസ് സൗദി എയർലൈൻസിന്റേതാണ്. റാസൽഖൈമ, സലാല, അൽഐൻ എന്നീ നഗരങ്ങളിലേക്കു വിമാന സർവീസുള്ള രാജ്യത്തെ ഏക വിമാനത്താവളം കോഴിക്കോടാണ്.

വേനൽക്കാല ഷെഡ്യൂളിലും വലിയ വിമാനം

വേനൽക്കാല ഷെഡ്യൂളിൽ കരിപ്പൂരിലേക്കു വീണ്ടും വലിയ വിമാനവുമായി സൗദി എയർലൈൻസ്. 341 പേർക്കു സഞ്ചരിക്കാവുന്ന ബോയിങ് 777–200 ഇആർ വിമാനമാണ് സർവീസിന് എത്തിക്കുക. ജിദ്ദ, റിയാദ് സെക്ടറിലാണു സർവീസ്. ഏപ്രിൽ ഒന്നുമുതൽ വേനൽക്കാല ഷെഡ്യൂൾ നിലവിൽ വരും. ഈ യാത്രാ സമയപ്പട്ടികയിൽ വലിയ വിമാനം ഉണ്ടാകും.

പ്രതീക്ഷകളുടെ വിമാനമേറി...

വലിയ വിമാനങ്ങൾ വീണ്ടുമെത്തുമ്പോൾ ആ കുതിപ്പിന് ഊർജം പകരാൻ വിമാനത്താവളം ഇനിയും ഒരുങ്ങേണ്ടതുണ്ട്. ഇനിയുമേറ സൗകര്യങ്ങൾ കരിപ്പൂരിൽ വേണം. അവയിൽ ചിലത്:

കൂടുതൽ വിമാനങ്ങൾ

തിരിച്ചെത്തിയതു സൗദി എയർലൈൻസ് മാത്രമാണ്. മൂന്നര വർഷം മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യയും എമിറേറ്റ്സും നടപടികൾ പൂർത്തിയാക്കി ഉടൻ തിരിച്ചെത്തണം. മറ്റു വിമാനക്കമ്പനികളും വലിയ വിമാന സർവീസുകൾ ആരംഭിക്കണം.

ഹജ് പുറപ്പെടൽ കേന്ദ്രം

ഹജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് വിമാനത്താവളത്തിൽ പുനഃസ്ഥാപിക്കുന്നതോടൊപ്പം തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

ടെർമിനൽ തുറക്കണം

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ രാജ്യാന്തര ആഗമന ടെർമിനലിൽ ഇനി ബാക്കിയുള്ളത് മിനുക്കു പണികൾ മാത്രമാണ്. ഓഫിസുകളുടെ പ്രവർത്തനം മാറ്റുന്നതിനാവശ്യമായ സൗകര്യവും ഒരുക്കേണ്ടതുണ്ട്. ടെർമിനൽ തുറന്നു കൊടുക്കുന്നതോടെ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർ അനുഭവിക്കുന്ന തിരക്കുകൾക്കു പരിഹാരമാകും

ഗതാഗതക്കുരുക്ക്

പുതിയ ടെർമിനൽ തുറന്നാൽ വിമാനത്താവളത്തിനകത്തെ തിരക്കൊഴിയും. എന്നാൽ, പുറത്തു തിരക്കു കൂടും. അതൊഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം കൂട്ടണം. കുളത്തൂർ –എയർപോർട്ട് റോഡിനു സമാന്തരമായി കാർ പാർക്കിങ് സ്ഥലത്തുനിന്നു മേലങ്ങാടിയിലേക്ക് റോഡ് നിർമിക്കാനുള്ള പദ്ധതി നടപ്പാക്കണം.

എയർ കുറിയർ എവിടെ

പ്രവാസികൾക്കു രേഖകളും മറ്റും അയയ്ക്കുന്നതിനു എയർ കുറിയർ ഉടൻ ആരംഭിക്കുമെന്നു പ്രഖ്യാപനമുണ്ടായിട്ടു വർഷങ്ങളായി. ആവശ്യമായ സ്ഥലം ലഭ്യമാക്കണം.

ജലക്ഷാമം പരിഹരിക്കണം

വെള്ളമില്ലാതെ ശുചിമുറികൾ അടച്ചിടേണ്ട അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. വേനൽക്കാലത്തു വിമാനത്താവളത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ശാശ്വത പരിഹാരമായി ചീക്കോട് പദ്ധതിയിൽനിന്നു വെള്ളം എത്തിക്കാനുള്ള നടപടികൾക്കു വേഗം കൂട്ടണം.

കാർഗോ വിമാനം വേണം

ചരക്കു വിമാനം ഇല്ലാത്തതിനാൽ യാത്രാവിമാനങ്ങളിലാണു കരിപ്പൂർ വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും. കാർഗോ വിമാനം അത്യാവശ്യമാണ്. അതു വരുംവരെ കൂടുതൽ വലിയ വിമാനങ്ങൾ എത്തിച്ചു കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കണം.

സേവനം മെച്ചപ്പെടുത്തണം

വിമാനങ്ങളുടെ മുടക്കം, വൈകൽ, തിരിച്ചു വിടൽ തുടങ്ങിയ സന്ദർഭങ്ങളിൽ യാത്രക്കാർക്ക് യാഥാസമയം വിവരം ലഭിക്കുന്നില്ല എന്നത് ഏറെക്കാലമായുള്ള ആക്ഷേപമാണ്. ലഗേജിൽനിന്നു വിലപിടിപ്പുള്ള വസ്തുക്കൾ കാണാതാകുന്നുവെന്ന പരാതികൾക്കു പരിഹാരം കാണണം. പരാതിപ്പെട്ടി സ്ഥാപിക്കണം.