കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പ്രതികളാക്കപ്പെട്ട അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്ക് അഭയം നൽകിയെന്നും തെളിവു നശിപ്പിച്ചെന്നും കാണിച്ച് ഇവർക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾക്ക് നിയമപരമായി അംഗീകരിക്കാവുന്ന തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
കേസിലെ പ്രതി സുനിൽകുമാറിനു വേണ്ടി ആദ്യഘട്ടത്തിൽ ഹാജരായ അഭിഭാഷകരായിരുന്നു ഇരുവരും. ആക്രമണ ദൃശ്യങ്ങൾ പകർത്തിയ യഥാർഥ ഫോൺ കണ്ടെത്തിയിട്ടില്ല. അതിനാൽ തെളിവുകൾ നശിപ്പിച്ചെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
സുനിൽകുമാർ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഈ അഭിഭാഷകരെ ഏൽപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നിർണായക തെളിവുകൾ ഒളിപ്പിച്ചെന്ന കുറ്റം പ്രതീഷ് ചാക്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്. ചോദ്യം ചെയ്യുന്നതിനായി പൊലീസ് നൽകിയ നോട്ടിസ് അവഗണിച്ച് പ്രതീഷ് ചാക്കോ ഒളിവിൽ പോയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രധാന തെളിവായ മെമ്മറികാർഡ് നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.