ന്യൂഡൽഹി∙ ബുലന്ദ്ശഹറിൽ ആൾക്കൂട്ടം പൊലീസ് ഇൻസ്പെക്ടറെ കൊന്ന സംഭവത്തിൽ മുഖ്യപ്രതി ബജ്റങ്ദൾ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തു. കലാപം ആഹ്വാനം ചെയ്ത കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുലന്ദ്ശഹറിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ആൾക്കൂട്ടം അക്രമാസക്തരായി തിങ്കളാഴ്ച പൊലീസിനുനേർക്കു തിരിഞ്ഞത്.
ഒളിവിൽ കഴിയവെ കഴിഞ്ഞ ദിവസം ഇയാൾ താൻ കുറ്റക്കാരനല്ലെന്നു പറഞ്ഞ് ഒരു വിഡിയോ പുറത്തുവിട്ടിരുന്നു. പ്രതിഷേധക്കാരുമായി തനിക്കു ബന്ധമില്ല. അക്രമം നടന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ല, യുപി പൊലീസ് തന്നെ കുടുക്കാൻ ശ്രമിക്കുകയാണു തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചത്.
അതേസമയം, രാജിന് അക്രമവുമായി ഒരു ബന്ധവുമില്ലെന്ന് ബജ്റങ്ദൾ നേതാവും പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ കോ കൺവീനറുമായ പ്രവീൺ ഭാട്ടി വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുമെന്നും കൃത്യസമയത്ത് രാജ് പുറത്തുവരുമെന്നുമാണ് ഭാട്ടി പറഞ്ഞു.
ദാദ്രിയിൽ പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിച്ചുവെന്ന് ആരോപിച്ച് 2015ൽ ആൾക്കൂട്ടം ആക്രമിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചിരുന്നത് ഇപ്പോൾ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് ആണ്. അന്വേഷണത്തിനിടെ സുബോധ് കുമാറിനെ സ്ഥലംമാറ്റിയിരുന്നു. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ 20കാരനായ സുമിത് കുമാറും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.