ബുലന്ദ്ശഹർ ∙ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെച്ചൊല്ലിയുള്ള ആൾക്കൂട്ട ആക്രമണത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാര്‍ സിങ്ങിനെ വെടിവച്ചു കൊന്ന സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രശാന്ത് നട്ട് എന്നയാളാണു പിടിയിലായതെന്നു യുപി പൊലീസ് അറിയിച്ചു.
സുബോധ് കുമാര്‍ സിങ്ങിനെ വെടിവച്ചതു താനാണെന്നു പ്രതി സമ്മതിച്ചെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാള്‍ അറസ്റ്റിലായതെന്നു സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഭാകര്‍ ചൗധരി പറഞ്ഞു.
പ്രശാന്ത് നട്ടിനെക്കൂടാതെ സുബോധിന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിപ്പറിച്ചെന്നു സംശയിക്കുന്ന ജോണിയും കസ്റ്റഡിയിലാണെന്നു സൂചനയുണ്ട്. പ്രശാന്തിന്റെയും ജോണിയുടെയും പേരുകൾ എഫ്ഐആറിൽ ഇല്ലായിരുന്നു. സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ രണ്ടുപേരെയും ഒരുമിച്ചു കണ്ടെന്നാണു പൊലീസ് പറയുന്നത്.
ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട ആക്രമണത്തിൽ സുബോധ് കുമാര്‍ സിങ്ങും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ബജ്റങ്ദൾ നേതാവ് യോഗേഷ് രാജ് മുഖ്യപ്രതിയെന്നായിരുന്നു ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്.