കൊൽക്കത്ത ∙ ശനിയാഴ്ച ബിജെപി റാലി നടത്തിയ കുച്ച് ബെഹാറിൽ ചാണക വെള്ളവും ഗംഗാജലവും തളിച്ചു തൃണമൂൽ കോൺഗ്രസ്. ബിജെപി വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ച സ്ഥലത്തു ശുദ്ധീകരണം നടത്തുന്നതിന്റെ ഭാഗമായാണു പരിപാടിയെന്നു തൃണമൂൽ നേതാവ് പങ്കജ് ഘോഷ് പറഞ്ഞു.
ഭഗവാൻ മദൻ മോഹന്റെ (കൃഷ്ണന്‍) മണ്ണാണിത്. ഹിന്ദു വിശ്വാസപ്രകാരമാണു സ്ഥലം ശുദ്ധീകരിച്ചത്. മദൻ മോഹന്റേതല്ലാത്ത മറ്റൊരു തേരും ജില്ലയിലേക്കു കടക്കേണ്ടതില്ലെന്നും തൃണമൂൽ പ്രവർത്തകര്‍ പ്രതികരിച്ചു.
ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി 7, 9, 14 തീയതികളിലായി രഥയാത്രകൾ നടത്തുന്നതിനു ബിജെപി തീരുമാനിച്ചിരുന്നു. ഈ യാത്രകളെല്ലാം ചേർന്ന് കൊൽക്കത്തയിൽ വൻ റാലിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിപ്പ്. ബിജെപി നടത്തുന്നതു രഥയാത്രയല്ല, പകരം രാവൺ യാത്രയാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.
ബിജെപിയുടെ തേരുകൾ പോകുന്ന ഇടങ്ങളെല്ലാം ശുചീകരിക്കണമെന്നു മമത പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പഞ്ചനക്ഷത്ര സൗകര്യങ്ങളൊരുക്കിയുള്ള രഥയാത്രയെയും മമത പരിഹസിച്ചു. മമതയ്ക്കും അവരുടെ പാർട്ടിക്കും ഭയം മൂലമുള്ള മതിഭ്രമമാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍ക്കുമോയെന്ന പേടിയാണെന്നും ബംഗാള്‍ ബിജെപി തിരിച്ചടിച്ചു.
2019ലെ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 22 സീറ്റുകളെങ്കിലും സംസ്ഥാനത്തു നേടണമെന്നാണു ബിജെപി നേതാക്കൾക്ക് അമിത് ഷാ നൽകിയ നിർദേശം. റാലി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് മേധാവിയും 3 ബിജെപി നേതാക്കളും ചര്‍ച്ചകൾ നടത്താൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. റാലിക്കു നേരത്തേ കോടതി അനുമതി നിഷേധിച്ചിരുന്നു.