മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്

ന്യൂഡല്‍ഹി∙ ബാങ്കുകളില്‍നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണു മല്യയുടെ വാദങ്ങള്‍ തള്ളി നാടുകടത്തലിന് ഉത്തരവിട്ടത്. 

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നു 2016 മാര്‍ച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കല്‍ കേസില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വിജയ് മല്യ അറിയിച്ചിരുന്നു.

വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു. പണം സ്വീകരിച്ചാല്‍ 3000 കോടിയുടെ നഷ്ടം ബാങ്കുകള്‍ക്കു വരുമെന്നാണ് കണക്കുകൂട്ടല്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇഡി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടന്‍ തന്നെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.

കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ എ. സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇഡി) ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് പകരമാണ് സായ് മനോഹര്‍ ലണ്ടനില്‍ എത്തിയിരിക്കുന്നത്.

മല്യയുടെ കേസില്‍ അസ്താന നയിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സായ് മനോഹര്‍. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇയില്‍നിന്ന് അറസ്റ്റ് ചെയ്തെത്തിച്ചതും സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതാണ് ഇപ്പോള്‍ മല്യയുടെ കേസിന്റെ ചുമതലയും അദ്ദേഹത്തെ ഏല്‍പ്പിക്കാനുള്ള കാരണമായി കരുതുന്നത്. സിബിഐ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവുവിന്റെ വിശ്വസ്തനാണെന്നതും ഗുണമായി എന്നാണ് സൂചനകള്‍.