എക്സിറ്റ്പോളും ‘ചതിച്ചു’; ഛത്തീസ്ഗഡിൽ ബിജെപി അപ്രതീക്ഷിത തോൽവിയിലേക്ക്

റായ്പുർ∙ എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ പ്രതീക്ഷകളും തകിടം മറിച്ച് ഛത്തീസ്ഗഡിൽ ബിജെപിക്കു കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിൽ, പാർട്ടി ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഉറപ്പായി. 84 സീറ്റുകളിലെ ഫലസൂചനകൾ ഏതാണ്ട് വ്യക്തമാകുമ്പോൾ 61 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിയുടെ ലീഡ് 14 സീറ്റുകളിലൊതുങ്ങി. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകൾ ആവശ്യമായ ഇവിടെ കഴിഞ്ഞ തവണ 49 സീറ്റുകളോടെയാണ് ബിജെപി അധികാരം പിടിച്ചത്. മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസിന് 39 സീറ്റുകളാണ് ഉണ്ടായിരുന്നത്.

ഫലം വരുന്നതോടെ ‘കിങ് മേക്കറാ’കുമെന്നു വിലയിരുത്തപ്പെട്ട അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡിനു (ജെസിസി) കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി (ബിഎസ്പി) ഏറെ കൊട്ടിഘോഷിച്ച് സഖ്യമുണ്ടാക്കിയ ജോഗിക്ക് ഈ നീക്കവും നഷ്ടക്കച്ചവടമായി. ജെസിസിക്ക് അഞ്ചിടത്തും ബിഎസ്പിക്ക് മൂന്നിടത്തും മാത്രമേ ലീഡുള്ളൂ. ഒരിടത്ത് ജിജിപിയാണ് ലീഡു ചെയ്യുന്നത്. ആദ്യ സൂചനകളിൽ മർവാഹി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന അജിത് ജോഗി, വിയർത്താണെങ്കിലും കടന്നുകൂടി.

മൂന്നുതവണ മുഖ്യമന്ത്രിയായ ബിജെപിയുടെ രമൺ സിങ് ആദ്യസൂചനകളിൽ പിന്നാക്കം പോയെങ്കിലും ഇപ്പോൾ മുന്നിലാണ്. രാജ്നന്ദഗാവിൽ മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ലയാണ് രമൺ സിങ്ങിനെ വിറപ്പിച്ചത്. നേരത്തേ ബിജെപിയിൽ ഒതുക്കപ്പെട്ടപ്പോഴാണ് കരുണ ശുക്ല പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.

ആകെ 90 സീറ്റുള്ള ഛത്തീസ്ഗഡിൽ 2003 മുതൽ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. 2003ൽ 50 സീറ്റ് ബിജെപി സഖ്യം നേടിയപ്പോൾ കോൺഗ്രസിനുണ്ടായിരുന്നത് 37 സീറ്റ് മാത്രമാണ്. 2008 ൽ ബിജെപി 50 സീറ്റ് ഒറ്റയ്ക്കു നേടി. കോൺഗ്രസ് ഒരു സീറ്റ് കൂടി നേടി 38 സീറ്റുകൾ ഉറപ്പിച്ചു. 2013 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒന്നു കുറഞ്ഞ് 49 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് നേടിയത് 39 സീറ്റുകളായിരുന്നു.