ഏഴു സഹോദരിമാർ ‘കൈ’വിട്ടു; വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് പതനം പൂർണം

Mizoram Voters

ഹിന്ദിഹൃദയഭൂമി ഹൃദയത്തിലേറ്റിയ കോൺഗ്രസിനെ ‘ഏഴു സഹോദരിമാർ’ കൈവിട്ടിരിക്കുന്നു. മൃഗീയ ഭൂരിപക്ഷം നൽകി തുടർച്ചയായ രണ്ടുവട്ടം അധികാരത്തിലെത്തിച്ച കോൺഗ്രസിനെ മിസോറം ഇക്കുറി തള്ളിപ്പറഞ്ഞതോടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽനിന്ന് പാർട്ടി തൂത്തെറിയപ്പെട്ടിരിക്കുകയാണ്. 2008ൽ 34, 2013ൽ 32 വീതം സീറ്റുകൾ നേടിയ സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസിനൊപ്പം നിന്നത് അഞ്ചു മണ്ഡലങ്ങൾ മാത്രം.

തുടർച്ചയായ രണ്ടു വട്ടം കൈവശം വച്ചശേഷം അധികാരം കൈമാറുന്നതാണു മിസോറമിൽ കോൺഗ്രസിന്റെയും എംഎൻഎഫിന്റെയും ശീലം. പക്ഷേ, മിസോ ജനത പതിവു തെറ്റിച്ചില്ലെന്ന നിഗമനത്തിലൊതുക്കാവുന്നതല്ല കോൺഗ്രസിന്റെ ഇത്തവണത്തെ പതനം; വടക്കുകിഴക്കൻ മേഖല രണ്ടര വർഷത്തിനിടെ സാക്ഷ്യംവഹിച്ച രാഷ്ട്രീയ നാടകങ്ങളുടെ പ്രതീക്ഷിച്ച ക്ലൈമാക്സ് തന്നെയാണിത്.

ബിജെപിയുടെ വരവ്

മിസോറമിലെ വിജയം എംഎൻഎഫ് പൊരുതിനേടിയത് എന്നു പറയുന്നതിനെക്കാൾ ബിജെപി സമ്മാനിച്ചത് എന്നു പറയുന്നതാവും ഉചിതം. വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസ് കോട്ടകളായിരുന്ന നാലു സംസ്ഥാനങ്ങളിൽ മൂന്നെണ്ണമാണു കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ബിജെപി കൈപ്പിടിയിലൊതുക്കിയത്. ഇടതുപക്ഷത്തിൽനിന്നു ത്രിപുര പിടിച്ചെടുക്കുകയും നാഗാലാൻഡിൽ എൻപിഎഫിനെ പിന്തുണച്ച് അധികാരത്തിൽ പങ്കാളിയാകുകയും ചെയ്തതിനു പിന്നാലെ, ‘കോൺഗ്രസ് മുക്ത് നോർത്-ഈസ്റ്റി’നു വേണ്ടി പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് രൂപീകരിച്ച ‘നോർത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസ്’ മിസോറം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ സജീവമാക്കി. വരാനിരിക്കുന്ന അപകടം തിരിച്ചറിയുന്നുപോലുമില്ലെന്ന മട്ടിലായിരുന്നു കോൺഗ്രസ്. മണിപ്പുരിൽ, തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സ്വന്തം എംഎൽഎമാരിൽ ഒൻപതുപേരെ സ്വന്തം പാളയത്തിലെത്തിച്ചു ബിജെപി സർക്കാർ രൂപീകരിച്ചപ്പോഴും കോൺഗ്രസ് ഉണർന്നില്ല. 

പ്രചാരണത്തിൽ പാളി

മുഖ്യമന്ത്രി ലാൽതൻഹാ‌വ്‌ലയുടെ ഒറ്റയാൾ പൊരുതലായിരുന്നു മിസോറമിലെ തിരഞ്ഞെടുപ്പ് പ്രചാരണം. മേഖലയിലെ അവസാന പിടിവള്ളിയും നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയിട്ടും ദേശീയ നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നു തന്നെ പറയാം. ഒരു വട്ടം മാത്രം സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി രണ്ടു ദിവസങ്ങളിലായി നയിച്ച ഏതാനും റാലികളിലൊതുങ്ങി കോൺഗ്രസ് പ്രചാരണത്തിൽ ദേശീയ സാന്നിധ്യം. അതേസമയം, ഒരു സീറ്റിൽപോലും വിജയപ്രതീക്ഷയില്ലാതിരുന്നിട്ടും പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ അമിത് ഷായും മധ്യഘട്ടത്തിൽ മോദിയും സംസ്ഥാനത്തെത്തി. സമീപ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ, ത്രിപുരയിൽനിന്ന് ബിപ്ലബ് കുമാർ ദേബും അസമിൽനിന്നു ഹിമാന്ത ബിശ്വ ശർമയുമടക്കം മിസോറമിൽ തങ്ങി പ്രചാരണത്തിനു നേതൃത്വം നൽകി. 

90 ശതമാനത്തിലേറെ ക്രൈസ്തവ വിശ്വാസികളുള്ള സംസ്ഥാനത്തു തങ്ങളുടെ ഹിന്ദുത്വ പ്രതിച്ഛായ പച്ചതൊടില്ലെന്നറിഞ്ഞുതന്നെ അവർ കാണിച്ച ജാഗ്രത, ജനങ്ങളിൽ കോൺഗ്രസ് വിരുദ്ധവികാരം ആളിക്കത്തിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. തങ്ങള്‍ ജയിച്ചില്ലെങ്കിലും വേണ്ടില്ല കോൺഗ്രസ് തോൽക്കണമെന്ന നിശ്ചയദാർഢ്യത്തോടെ നടത്തിയ ഈ അധ്വാനം, കോൺഗ്രസിന്റെ അലസതകൂടിയായപ്പോൾ കൃത്യമായി ഫലംകണ്ടു.

ലാൽ തൻഹാവ്‌ലയുടെ ‘ഏകാധിപത്യം’

രണ്ടു മന്ത്രിമാരും സ്പീക്കറുമുൾപ്പെടെ അഞ്ച് എംഎൽഎമാരാണു തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസിൽനിന്നു രാജിവച്ച് എംഎൻഎഫിലോ ബിജെപിയിലോ ചേർന്നത്. നിസ്സാര അഭിപ്രായ വ്യത്യാസങ്ങൾ പോലും രമ്യമായി പരിഹരിക്കാൻ കഴിയാത്തതിന്റെ പേരിൽ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല പാർട്ടിക്കുള്ളിൽനിന്നു തന്നെ ഏറെ വിമർശനങ്ങൾ നേരിട്ടു. കാൽ നൂറ്റാണ്ടിലേറെയായി നിയമസഭാംഗമാണു ലാൽ തൻഹാവ്‌ല. മിസോറമിൽ കോൺഗ്രസ് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രി. അനിഷേധ്യ നേതാവ് എന്ന പരിവേഷത്തിൽനിന്ന് ഏകാധിപതി എന്ന വിമർശനത്തിലേക്കു പാർട്ടി പ്രവർത്തകർ തന്നെ നിലപാടുമാറിയപ്പോഴും ശൈലി മാറ്റാൻ തൻഹാവ്‌ല തയാറായില്ല. പാർട്ടിയിലെയും ഭരണത്തിലെയും എല്ലാക്കാര്യങ്ങളിലും ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതാണു രീതി. തൻഹാവ്‌ലയ്ക്കെതിരായ മുറുമുറുപ്പുകളാണു തിരഞ്ഞെടുപ്പടുത്തപ്പോൾ അഞ്ച് എംഎൽഎമാരുടെ ചോർച്ചയിലേക്കു വരെ കാര്യങ്ങളെത്തിച്ചത്.

സംസ്ഥാന രാഷ്ട്രീയത്തിൽ തൻഹാവ്‌ലയുെട കുടുംബവാഴ്ചയും പ്രതിപക്ഷം പ്രചാരണായുധമാക്കി. രണ്ടിടത്താണു തൻഹാവ്‌ല ജനവിധി തേടിയത്. മുഖ്യമന്ത്രിയുടെ സഹോദരൻ ലാൽ തൻസാരയും ഭാര്യാസഹോദരൻ സോദിൻലുവൻഗയും ഇത്തവണയും മൽസരരംഗത്തുണ്ടായിരുന്നു. ഇരുവരുടെയും തുടർച്ചയായ മൂന്നാമങ്കമായിരുന്നു. ലാൽ തൻസാര തോറ്റു; സോദിൻലുവൻഗ ജയിച്ചു.

പ്രാദേശിക പാർട്ടികളുടെ ഐക്യം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വരെ കോൺഗ്രസും എംഎൻഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണു മിസോറം സാക്ഷ്യംവഹിച്ചത്. ഇത്തവണ സജീവ സാന്നിധ്യമായി രംഗത്തെത്തിയ ബിജെപി നേതൃത്വം നൽകിയ നോർത്ത്-ഈസ്റ്റ് െഡമോക്രാറ്റിക് അലയൻസിനു പുറമേ സോറംതാർ(ന്യൂ മിസോറം) പാർട്ടി, പീപ്പിൾസ് റപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറം(പ്രിസം), നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) എന്നിവയും ഇത്തവണ രംഗത്തുണ്ടായിരുന്നു. മിസോറം പീപ്പിൾസ് കോണ്‍ഫറൻസ്, സോറം എക്സോഡസ് മൂവ്മെന്റ്, സോറം ഡീസെൻട്രലൈസേഷൻ ഫ്രണ്ട്, സോറം റിഫർമേഷൻ ഫ്രണ്ട്, മിസോറം പീപ്പിൾസ് പാർട്ടി, നാഷനലിസ്റ്റ് കോണ‍്ഗ്രസ് പാർട്ടി എന്നിവ ചേർന്നു രൂപീകരിച്ച സോറം പീപ്പിൾസ് മൂവ്മെന്റ് കോൺഗ്രസിനു ശക്തമായ വെല്ലുവിളിയായി.  എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രം - കോൺഗ്രസ് കോട്ട തകർക്കുക.

ന്യൂനപക്ഷം കൈവിട്ടു

സംസ്ഥാനത്തെ ന്യൂനപക്ഷമാണ് അഭയാർഥി സമൂഹമായ ചാക്മ. ക്രൈസ്തവഇതര വിഭാഗമായ ചാക്മകളോടു ഭൂരിപക്ഷ മിസോ സമുദായം പുലർത്തിപ്പോരുന്ന കടുത്ത അവഗണന മുതലെടുക്കുകയായിരുന്നു ബിജെപി തന്ത്രം. വോട്ടെടുപ്പിന് 25 ദിവസം ശേഷിക്കെയാണു ചാക്മ വിഭാഗത്തില്‍നിന്നുള്ള കോൺഗ്രസ് എംഎൽഎ ബുദ്ധധൻ ചാക്മ പാർട്ടി വിട്ടു ബിെജപിയിൽ ചേർന്നത്. സമുദായത്തിൽനിന്ന് എടുത്തുകാട്ടാവുന്ന പ്രബല നേതാവായ ബുദ്ധധനിനൊപ്പം ചാക്മ സമൂഹമൊന്നാകെ കോൺഗ്രസിനെ കയ്യൊഴിഞ്ഞെന്നുവേണം മനസ്സിലാക്കാൻ. തുയിസോങ് മണ്ഡലത്തിൽ ബുദ്ധധൻ ബിജെപിക്കുവേണ്ടി അക്കൗണ്ട് തുറന്നു ചരിത്രം സൃഷ്ടിച്ചു.

പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണു തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റേണ്ടിവരുന്നതിൽവരെയെത്തിച്ച ബ്രൂ വിവാദം സംസ്ഥാനത്ത് ആഞ്ഞടിച്ചത്. ബ്രൂ വംശജരോട് അനുഭാവ നിലപാട് സ്വീകരിച്ച തൻഹാവ്‌ലയ്ക്കു പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്നു നാമനിർദേശപത്രിക സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. അവസാനനിമിഷം ഉയർന്നുവന്ന  ബ്രൂ വിവാദവും തൻഹാവ്‌ല‌യ്ക്കു തിരിച്ചടിയാണു സമ്മാനിച്ചതെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.