തിരുവനന്തപുരം∙ പ്രളയബാധിത, ഉരുൾപൊട്ടൽ ബാധിതമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീര, കോഴി, അലങ്കാര പക്ഷി, തേനീച്ച കർഷകർക്കും ചെറുകിട ഇടത്തര വാണിജ്യ,വ്യവസായ സ്ഥാപനങ്ങൾക്കും കടകൾക്കും 'ഉജ്ജീവന വായ്പാപദ്ധതി' എന്ന പേരിൽ ജീവനോപാധി പുനരാരംഭിക്കുന്നതിനു പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുളള പണം ഉപയോഗിച്ചാണ് ഇതു നടപ്പാക്കുക.
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഇവർക്കു ജീവനോപാധി പുനരാരംഭിക്കാൻ 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ക്ഷീര, കോഴി, അലങ്കാര പക്ഷി, തേനീച്ച കർഷകരെ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ചെറുകിട വ്യാപാരികൾക്ക് ഇത്തരത്തിൽ വായ്പ നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ബാങ്കുകൾ തയാറാവാത്തതിനാൽ പദ്ധതി നടപ്പായില്ല. ഇത് ഏറെ വിമർശനത്തിനു വഴിയൊരുക്കി.
വായ്പയിൽ നിശ്ചിത ശതമാനം തുക മാർജിൻ മണിയായി സർക്കാർ അനുവദിക്കുമെന്ന വ്യവസ്ഥയോടെയാണു പദ്ധതി പുനരാരംഭിക്കുന്നത്. കേന്ദ്ര മാനദണ്ഡ പ്രകാരം ചെറുകിട കച്ചവടക്കാർക്കും വ്യവസായികൾക്കും ക്ഷീര, പക്ഷി കർഷകർക്കും പ്രളയ നഷ്ടപരിഹാരം നൽകാൻ സാധിക്കാത്തതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണു പണം അനുവദിക്കുക.
ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകൾ ബാങ്കുകളിലേക്കു ശുപാർശ ചെയ്യുന്നതിനു ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അടുത്ത മാർച്ച് 31 വരെ പദ്ധതി പ്രയോജനപ്പെടുത്താം. ദുരന്തബാധിതർ വാണിജ്യബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ എടുക്കുന്ന വായ്പയുടെ മാർജിൻ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ്) അനുവദിക്കും. പ്രവർത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവർക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ്) മാർജിൻ മണിയായി അനുവദിക്കും.പ്രവർത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് 9% നിരക്കിൽ പലിശ സബ്‌സിഡി നൽകും.
ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് പ്രളയ നഷ്ടത്തിന്റെ പേരിൽ വായ്പ എടുത്ത (10 ലക്ഷം രൂപ വരെ) ദുരന്തബാധിതർക്ക് ഒരു വർഷത്തേക്ക് 9% നിരക്കിൽ പലിശ സബ്‌സിഡി അനുവദിക്കും. കിസാൻ കാർഡ് ഉള്ളവരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് 4% പലിശ സബ്‌സിഡി അനുവദിക്കും.
മറ്റു തീരുമാനങ്ങൾ
മുഖാരി, മുവാരി സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ശുപാർശ പ്രകാരമാണു തീരുമാനം. റീബിൽഡ് കേരള ഇനിഷ്യേറ്റിവ് സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിനു പൊതുഭരണ സെക്രട്ടേറിയറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ ഒരു അഡീഷനൽ സെക്രട്ടറിയുടെയും ഒരു സെക്‌ഷൻ ഓഫിസറുടെയും മൂന്ന് അസിസ്റ്റന്റുമാരുടെയും പുതിയ തസ്തിക സൃഷ്ടിച്ചു.
ജലസേചനവകുപ്പിലെ 944 എസ്എൽആർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു. ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് സർക്കാർ ഐടിഐ സ്ഥാപിക്കും. ഡ്രാഫ്ട്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റു വീതം അനുവദിച്ചു. ഇതിനായി എട്ടു തസ്തിക സൃഷ്ടിച്ചു. ഐടിഐക്കുളള സ്ഥലവും കെട്ടിടവും തദ്ദേശഭരണ സ്ഥാപനം ലഭ്യമാക്കണം.
കോട്ടയം ഗവ.മെഡിക്കൽ കോളജിൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങുന്നതിനു 17 അധിക തസ്തിക അനുവദിച്ചു. പ്രഫസർ (ഒന്ന്), അസോ. പ്രഫസർ (2), അസി. പ്രഫസർ (4), സീനിയർ റസിഡന്റ് (10) തസ്തികകൾക്കാണ് അനുമതി. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചില്ലറ വിൽപ്പനശാല സ്ഥാപിക്കുന്നതിനു തിരുവനന്തപുരം സെൻട്രൽ ജയിൽ പരിസരത്ത് 10.15 ആർ സ്ഥലം 30 വർഷത്തേക്കു പാട്ടത്തിനു നൽകും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണു കൈമാറുക. കണ്ണൂരിലെ സ്പെഷൽ തഹസിൽദാർ എയർപോർട്ട് യൂണിറ്റ് ഒന്നിലെ ഏഴു തസ്തികകൾക്കു രണ്ടു വർഷത്തേക്കു തുടർച്ചാനുമതി നൽകി.