Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാമതില്‍ വര്‍ഗീയമല്ല; സ്ത്രീകളുടെ തുല്യത സംരക്ഷിക്കുന്ന അഭിമാനമതിൽ: മുഖ്യമന്ത്രി

Assembly | CM Pinarayi Vijayan Speaking

തിരുവനന്തപുരം∙ സ്ത്രീകളുടെ തുല്യതയു പുരോഗതിയും സംരക്ഷിക്കുന്ന അഭിമാനമതിലാണ് വനിതാ മതിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. എം.കെ.മുനീറിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്?. എന്തു വിലകൊടുത്തും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. സമത്വത്തിന്റെ പതാക വാഹകരായി സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം. പ്രതിപക്ഷത്ത് വനിതാ എം എല്‍എമാര്‍ ഇല്ലെങ്കിലും പാര്‍ട്ടി സംഘടനകളില്‍നിന്നുള്ള വനിതകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. എം.കെ. മുനീറിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്ന്


ഈ പുതുവത്സര ദിനത്തില്‍ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് വനിതാ മതിലിലൂടെ കേരളം സൃഷ്ടിക്കുകയാണ്. കാസർകോടു മുതല്‍ തിരുവനന്തപുരം വരെ നീളുന്ന 620 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് രൂപംകൊള്ളുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീക്കും പുരുഷനും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത വേണമെന്ന ഭരണഘടനാ തത്വങ്ങള്‍ പ്രായോഗികമാക്കാനുള്ള ഇടപെടല്‍ കൂടിയാണ് ഈ മുന്നേറ്റം.

ഭ്രാന്താലയം എന്ന വിശേഷണത്തെ തിരുത്തിക്കൊണ്ട് എവിടെയും ഉയര്‍ത്തിപ്പിടിച്ച ശിരസുമായി നില്‍ക്കാവുന്നവിധം നമ്മുടെ നാട് പുരോഗമിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന ഗുണപരമായ മൂല്യങ്ങളെയെല്ലാം തകര്‍ക്കാനുള്ള പരിശ്രമങ്ങളും വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനെതിരായുള്ള പ്രതിരോധം കൂടിയാണ് വനിതാ മതില്‍. സ്ത്രീകളുടെ അന്തസ്സും  ആത്മാഭിമാനവും തുല്യാവകാശങ്ങളും ഉറപ്പാക്കി കേരളം പുരോഗമനപാതയില്‍ മുന്നേറുമെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ നാടിന്റെ അഭിമാന മതിലായാണ് ഇതിനെ നാം കാണേണ്ടത്.

ഓര്‍മ്മയില്‍ ആ ഇരുണ്ടകാലം

ഏറെ ദുരിതപൂര്‍ണ്ണമായ ഒരു കാലത്തെ പിന്നിട്ടാണ് നാം ഇവിടെ എത്തിച്ചേര്‍ന്നത് എന്ന് മറക്കരുത്. ചാതുര്‍വര്‍ണ്യത്തിന്റെയും അതില്‍ നിന്ന് ഉയര്‍ന്നുവന്ന ജാതി വ്യവസ്ഥയുടെയും കരാളലോകത്ത് എരിഞ്ഞടങ്ങിയതായിരുന്നു നമ്മുടെ പൂര്‍വ്വികരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം. ഇത് കണ്ടാണ് മഹാകവി കുമരാനാശാന്‍ 'തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍' എന്ന് വിലയിരുത്തുന്ന വരികളെഴുതിയത്. മനുഷ്യര്‍ പരസ്പരം തൊടാന്‍ പാടില്ലെന്ന് മാത്രമല്ല, അകലങ്ങള്‍ പാലിച്ച് മാറിനില്‍ക്കേണ്ടതുകൂടിയുമുണ്ട് എന്ന നീതിബോധമായിരുന്നു ഇവിടെ അടക്കിഭരിച്ചിരുന്നത്. കുട്ടികള്‍ക്ക് അച്ഛനെപ്പോലും തൊടാനാവാത്ത അശുദ്ധിയുടെ കാലത്തെ പിന്നിട്ടാണ് കുടുംബ ബന്ധത്തിന്റെ ആധുനിക മൂല്യങ്ങളിലേക്ക് നാം കടന്നുകയറിയത്.

വസ്ത്രധാരണത്തിനും മാറുമറയ്ക്കലിനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലം പിന്നിട്ടാണ് ഇവിടെ നാം എത്തിയത്. അക്ഷരം പഠിക്കാന്‍ ശൂദ്രന് അവകാശമില്ലെന്ന നീതിബോധവും നിയമവ്യവസ്ഥയും നമ്മെ അടക്കിഭരിച്ചിരുന്ന കാലം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ മനുഷ്യരുടെ ഗണത്തില്‍ പോലും പെടുത്താതിരുന്ന കാഴ്ചപ്പാടുകള്‍... . ആരാധനാലയത്തില്‍ കയറാന്‍ പോലും അവകാശമില്ലാത്ത ജനത ജീവിച്ചിരുന്ന നാടായിരുന്നു നമ്മുടേത്. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴികളില്‍ മനുഷ്യന് അശുദ്ധി കല്‍പ്പിച്ച കാലത്തെയും തിരുത്തിയാണ് നാം മുന്നേറിയത്. ഇത്തരം തെറ്റായ നീതികളെ ചോദ്യം ചെയ്തവര്‍ക്ക് ജീവിതം തന്നെ നഷ്ടപ്പെട്ട എത്രയോ ചരിത്രങ്ങള്‍ നമ്മുടെ നാടിന് പറയാനുണ്ട്.

വ്യഥകളില്‍ മുങ്ങിയ സ്ത്രീ ജീവിതം

ജാതി വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകളില്‍ അക്കാലത്തെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിതങ്ങള്‍ പിടഞ്ഞുതീരുകയായിരുന്നു. സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെട്ടത് അതിനേക്കാള്‍ എത്രയോ ഭീകരരൂപത്തിലായിരുന്നു. അകത്തളങ്ങളില്‍ എരിഞ്ഞുതീര്‍ന്നവരും പണിയിടങ്ങളില്‍ അടിയേറ്റ് മരിച്ചവരും കാമഭ്രാന്തില്‍ ജീവിതം പൊലിഞ്ഞവരും ഏറെയുണ്ടായിരുന്നു അക്കാലത്ത്. ഒരു വിഭാഗം സ്ത്രീകളും തെറ്റായ നീതിബോധങ്ങളാല്‍ നയിക്കപ്പെട്ടതിനാല്‍ പൊതുവായ സ്ത്രീ വിരുദ്ധതയില്‍ നിന്ന് മാറിനില്‍ക്കുന്ന സ്ഥിതിവിശേഷമായിരുന്നില്ല അന്നുണ്ടായിരുന്നത്.

ഉന്നത ശ്രേണിയില്‍ ഉണ്ടായിരുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകളുടെയും കാര്യത്തില്‍ ഏറെ അന്തരങ്ങള്‍ ഉണ്ടായിരുന്നുമില്ല. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ലഭിച്ചവര്‍ക്കു പോലും ലോകത്തിന്റെ വെളിച്ചം കാണാതെ കഴിയേണ്ടിവന്നതായിരുന്നു അന്നത്തെ ജീവിതം. ശാരീരിക, മാനസിക പീഡനങ്ങളുടെ തുടര്‍ക്കഥയായിരുന്നു അവ. ദായക്രമത്തിലും വിവാഹ ബന്ധങ്ങളിലും നിലനിന്ന സ്ത്രീ  വിരുദ്ധമായ ആചാരക്രമങ്ങളില്‍ എരിഞ്ഞുതീര്‍ന്ന ജന്മങ്ങളായിരുന്നു അക്കാലത്തെ സ്ത്രീകളുടേത്.

ഇന്നത്തെ തലമുറയ്ക്ക് സങ്കല്‍പ്പിക്കുന്നതിനപ്പുറത്തായിരുന്നു അവയെല്ലാം. പുളികുടി കല്യാണം, തിരണ്ട് കല്യാണം, താലികെട്ട് കല്യാണം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. അടിയാളര്‍ എന്നുവിളിച്ചിരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനുമേലുളള ലൈംഗികാതിക്രമങ്ങള്‍, ജാതി തിരിച്ചറിയാനായി കല്ലുമാല ധരിക്കണമെന്നതുപോലുള്ള വ്യവസ്ഥകള്‍..... . അടിമത്വത്തിന്റെ അടയാളങ്ങള്‍ പേറി നടന്ന ജീവിതമായിരുന്നു അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകളുടേത്. തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന പീഡനങ്ങളും ഏറെയായിരുന്നു. കൂലിയുടെ കാര്യത്തിലെ വിവേചനങ്ങള്‍ വേറെയും.


തലയുയര്‍ത്തുന്ന സ്ത്രീ

ജാതീയമായ അടിച്ചമര്‍തത്തലുകളുടെയും മറ്റു വിവിധ രൂപങ്ങളിലുള്ള പീഡനങ്ങള്‍ക്കുമെതിരെ ജനകീയമായ മുന്നേറ്റങ്ങളുടെ പരമ്പരകള്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിവിട്ട സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ചിന്തകള്‍ ജീവിതത്തെക്കുറിച്ചുള്ള പുതിയ സ്വപ്നങ്ങള്‍ മനുഷ്യരുടെ മനസ്സില്‍ നിറക്കാന്‍ തുടങ്ങി. മനുഷ്യരായി ജീവിക്കാനായി പൊരുതുകയേ വഴിയുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ജനങ്ങള്‍ ഉയര്‍ന്നുവന്നു. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമെല്ലാം ഉയര്‍ത്തിവിട്ട സ്വാഭിമാനത്തിന്റെയും പോരാട്ടത്തിന്റെയും ജ്വാലകള്‍ സമൂഹത്തില്‍ മെല്ലെ ശക്തിയാര്‍ജ്ജിച്ചു. ദേശീയ പ്രസ്ഥാനവും തുടര്‍ന്ന് രൂപപ്പെട്ട തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തില്‍ ഇടപെട്ടു.

സ്ത്രീകളും സമരസജ്ജമായി മുന്നോട്ടുവന്നു. മാറുമറയ്ക്കാനുള്ള ചാന്നാര്‍ കലാപം, കല്ലുമാല സമരം, ഘോഷ ബഹിഷ്‌കരണം തുടങ്ങിയവയില്‍ നിന്ന് കൊളുത്തിയെടുത്ത സമരവേശം അവരുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. നവോത്ഥാനം ഇളക്കി മറിക്കാത്ത ഒരു സമൂഹവും കേരളത്തിലില്ല. സ്ത്രീകളുടെ ജീവിതത്തിന്റെ ഉന്നമനത്തിനായി എല്ലാ മതവിഭാഗങ്ങളിലും വിവിധങ്ങളായ സമരങ്ങള്‍ ഉയര്‍ന്നുവന്നു. വിദ്യഭ്യാസ അവകാശത്തിനും ദായക്രമത്തിലെ മാറ്റങ്ങള്‍ക്കും തുല്യതയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഇടപെടലായി അത് വളര്‍ന്നുവന്നു.


ഇന്ന് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ഉയര്‍ന്നുവന്നത് നാം നടത്തിയ നവോത്ഥാന ചലനങ്ങളുടെയും സ്ത്രീകളുടെ ഔന്നിത്യത്തിനു വേണ്ടിയുള്ള ഇടപെടലുകളുടെയും പരിണിതഫലമായിയാണ്. സ്ത്രീകള്‍ എത്തിപ്പിടിക്കാത്ത മേഖലകള്‍ ഇല്ലാതാകുന്നുവെന്നതും നമുക്ക് അഭിമാനം നല്‍കുന്നത് തന്നെ.

അനാചാരങ്ങള്‍ കടപുഴകുന്നു

ഇങ്ങനെ വിവിധങ്ങളായ ഇടപെടലുകളുടെ ഫലമായി പല അനാചാരങ്ങളും കടപുഴകിവീണു. പലതും തൂത്തെറിയപ്പെട്ടു. അടിച്ചമര്‍ത്തലുകളില്‍ നിന്നും ചൂഷണത്തില്‍ നിന്നും ജനത കരകയറാന്‍ തുടങ്ങി. മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പുതിയ കാലം പിറന്നു. അങ്ങനെ ഉഴുതുമറിക്കപ്പെട്ട മണ്ണിലാണ് ഐക്യകേരളത്തിലെ  സര്‍ക്കാരുകള്‍ ഭൂപരിഷ്‌കരണം, സാര്‍വത്രിക വിദ്യാഭ്യാസം, ശക്തമായ പൊതുവിതരണ സംവിധാനം, എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ, തൊഴിലിനു മാന്യമായ വേതനം തുടങ്ങിയ പുരോഗമന നടപടികളുടെ വിത്തുപാകിയത്. ഇതിലൂടെ ആധുനികകേരളം ലോകത്തിലെ സവിശേഷ വികസനമാതൃകയായി. ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃതവും ജീവിതഗുണമേന്‍മയുമുള്ള നാടായും പരിവര്‍ത്തിക്കപ്പെട്ടു.

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

ഇത്തരം മുന്നേറ്റങ്ങള്‍ സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവന്നു. നേരത്തേ അരങ്ങിലുണ്ടായിരുന്നവര്‍ ആവട്ടെ അടിച്ചമര്‍ത്തലിന്റെ നൊമ്പരങ്ങളെ പിഴുതെറിയുന്ന അവസ്ഥയിലേക്കും ഉയര്‍ന്നുവന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഏറ്റുവാങ്ങി രൂപീകരിക്കപ്പെട്ട ഭരണഘടന സമത്വത്തെ അതിന്റെ കൊടിയടയാളമാക്കി തന്നെ ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ടും ജീവിതത്തിന്റെ അടരുകളില്‍  സ്ത്രീ-പുരുഷ തുല്യത എന്ന ആശയം എത്തിക്കുന്നതില്‍ ദൗര്‍ബല്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചരിത്രപരമായ പരിമിതികളെ മുറിച്ചുകടക്കാന്‍ ഇനിയും നാം ഒന്നായിനില്‍ക്കേണ്ടതുണ്ട്. വര്‍ത്തമാനകാല സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണല്ലോ. സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം ജീവിതത്തിന്റെ ഒരോ സൂക്ഷ്മ തലത്തിലേക്കും സമത്വത്തിന്റെ സന്ദേശങ്ങള്‍ വ്യാപിക്കേണ്ടതുണ്ട്. അതിനുവേണ്ടി സ്ത്രീയും പുരുഷനും യോജിച്ചുനിന്നുകൊണ്ടുള്ള ഇടപെടല്‍ വളരേണ്ടതുമുണ്ട്.

സമസ്ത മേഖലയിലും സ്ത്രീ സമത്വം ആര്‍ജ്ജിക്കുന്നതിനുള്ള അവകാശബോധം സ്ത്രീകളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീ-പുരുഷ സമത്വം യാഥാര്‍ത്ഥ്യമാകുക എന്ന കാഴ്ചപ്പാട് ഈ വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്ത്രീ മുന്നേറ്റത്തിന് നിരവധി പദ്ധതികള്‍ മുന്നോട്ടുവച്ച സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ഭാഗമായിത്തന്നെയാണ് വനിതാമതിലിനെയും കാണുന്നത്.

പ്രയാണം മുന്നോട്ടേയാകാവൂ.. അതിനായി ഒരുമയുടെ മതിലുയര്‍ത്താം

പുതിയ കാഴ്ചകളുടെ ലോകം സ്ത്രീകളില്‍ ഉണരുന്നുണ്ടെങ്കിലും ഈ നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കി നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്കു നടത്താനുള്ള ശ്രമങ്ങളും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. ഭരണഘടനയും നിയമങ്ങളും എന്തു പറഞ്ഞാലും അനാചാരങ്ങളും അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്നതാണെന്നും അവ ഇനിയും നിലനില്‍ക്കണമെന്നും വാദിക്കുന്നവരുമുണ്ട്. അവര്‍ വീണ്ടും നാടിനെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുകയാണ്, അതിന് സ്ത്രീകളെത്തന്നെ കരുവാക്കുകയും. 

പൊരുതിമുന്നേറിയ നിരവധി വീരാംഗനകളുടെ നാടാണ് കേരളം. ആ പാരമ്പര്യം നാം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ഭരണഘടനയും നിയമങ്ങളും തുല്യാവകാശങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇടപെടലാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനയിലെ സമത്വത്തെക്കുറിച്ചുള്ള സന്ദേശത്തിന്റെയും പതാകവാഹകരായി കേരളത്തിലെ വനിതകളെ ആകെ ഉയര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.

തെറ്റിദ്ധാരണ പരത്തുന്നു

വനിതാ മതിലിനെ സംബന്ധിച്ച സര്‍ക്കാരിന്റെ ധാരണ എന്തെന്ന് വ്യക്തമാകാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രമേയ അവതാരകന് ഒരു സ്ഥലജല വിഭ്രാന്തി വന്നത്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നവോത്ഥാന മൂല്യങ്ങളാണ് നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത്യഅപൂര്‍വ്വമായ നവോത്ഥാന പരിശ്രമങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ സംസ്‌കാരം. അതിനെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തതില്‍ എന്താണ് തെറ്റ്? നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണ്ട എന്ന അഭിപ്രായം പ്രതിപക്ഷത്തിനുണ്ടെങ്കില്‍ അത് വ്യക്തമാക്കുകയാണ് വേണ്ടത്.

നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ച കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ അടിമത്വത്തിന്റെ ലോകത്തിലേക്കാണ് വലിച്ചെറിയുക എന്ന കാര്യം നാം ഓര്‍ക്കണം. എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തെ മാറ്റിമറിച്ച് ആധുനിക ജീവിതത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയതാണ് നവോത്ഥാനമെന്ന് മറക്കരുത്. ആ മൂല്യങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിച്ച് മുന്നോട്ടുപോകുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 

വര്‍ഗ്ഗീയ മതിലോ?

പ്രമേയ അവതാരകന്‍ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ചതായി കണ്ടു. നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ എങ്ങനെയാണ് വര്‍ഗ്ഗീയതയാകുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യം രൂപപ്പെടുത്തുന്നതില്‍ നവോത്ഥാനം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാവുന്നതല്ല. നവോത്ഥാനമുന്നേറ്റത്തിന്റെ പതാകവാഹകനായ ശ്രീനാരായണ ഗുരു ആലുവായില്‍ സര്‍വ്വമതസമ്മേളനം തന്നെ സംഘടിപ്പിച്ചു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പല മത സാരമേകം എന്ന കാഴ്ചപ്പാടുതന്നെ അദ്ദേഹം അവതരിപ്പിച്ചു. ഒരു ജാതി, ഒരു മതം ഒരുദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് വ്യാപകമായി പ്രചരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെ വര്‍ഗ്ഗീയമാകുന്നുവെന്ന് മനസ്സിലാകുന്നില്ല.

കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെയും നവോത്ഥാന മുന്നേറ്റങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ ചരിത്രത്തോട് ചെയ്യുന്ന വമ്പിച്ച അനീതിയല്ലാതെ മറ്റൊന്നല്ല. കൊടിയെടുക്കാതെ സംഘപരിവാര്‍ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കാമെന്ന് ആഹ്വാനം ചെയ്തവരായിരുന്നല്ലോ അപ്പുറത്തിരിക്കുന്നവര്‍. അതില്‍ പങ്കെടുക്കുന്നതാണ് വര്‍ഗ്ഗീയത. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതാണ് മതനിരപേക്ഷത എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകമെങ്കിലും ആര്‍ജ്ജിക്കേണ്ടതുണ്ട്. പഠിപ്പുമുടക്കി മതിലില്‍ പങ്ക് ചേരാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തുവെന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ മേഖലയിലുംപെട്ട വനിതകള്‍ പങ്കെടുക്കണമെന്ന ആഹ്വാനം മാത്രമാണ് നടത്തിയിട്ടുള്ളത്.  

നമ്മുടെ പാരമ്പര്യം മറക്കരുത്

സ്ത്രീ-പുരുഷ സമത്വത്തിന്റെ നവോത്ഥാന കാഴ്ചകളെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ദേശീയ പ്രസ്ഥാനം എന്നതും നാം മറക്കരുത്. കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും ഇത്തരം മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്തത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ഇത്തരം ആശയങ്ങളുടെ ക്രോഡീകരണം കൂടിയാണല്ലോ ഇന്ത്യന്‍ ഭരണഘടന. അതുകൊണ്ട് തന്നെ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് സ്ത്രീ-പുരുഷ സമത്വം ഭരണഘടന വിഭാവനം ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമെന്ന കോടതി വിധി പുറപ്പെടുവിച്ചത്.

ഇടപെടല്‍ നടത്തിയത് എന്തുകൊണ്ട്?

ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ ഇടപെടലുകള്‍ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നവിധമായിരുന്നു. ആ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സംഘടനകളുടെ ഇന്നത്തെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്. ആ യോഗത്തില്‍ അവതരിപ്പിച്ച കാര്യമെന്തെന്ന് പത്രങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. ഈ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ പൊതുവായി ഒരു സ്ത്രീ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായം അവരില്‍ നിന്ന് ഉയര്‍ന്നുവന്നു. അത് പ്രാവര്‍ത്തികമാക്കുന്നതിന് അവരുടേതായ സമിതിയും രൂപീകരിച്ചു. അങ്ങനെ വനിതാ മതില്‍ ഉണ്ടാക്കണമെന്ന് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

ആ തീരുമാനത്തെ സര്‍ക്കാര്‍ പിന്തുണച്ചിട്ടുണ്ട്. അതു ശരിയാണ്. സര്‍ക്കാരിന് മാത്രമല്ല, ഇത്തരം ആശയങ്ങള്‍ക്കായി സ്ത്രീകള്‍ അണിനിരക്കണമെന്ന് അഭിപ്രായമുള്ള ആര്‍ക്കും വനിതാ മതിലിനെ പിന്തുണയ്ക്കാം. അതില്‍ കണ്ണികളാവാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം. ഇതിന്റെ സംഘാടക സമിതിയിലും ആരെ അംഗങ്ങളാക്കുന്നതിനും സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ല. എല്ലാ വനിതാ അംഗങ്ങളെയും വനിതാ മതിലില്‍ പങ്കുചേരാന്‍ വേണ്ടി പ്രത്യേകമായി ക്ഷണിക്കട്ടെ. യുഡിഎഫിന്റെ നിയമസഭാകക്ഷിയില്‍ വനിതാ അംഗങ്ങള്‍ ഇല്ലെങ്കിലും നിങ്ങളുടെ സംഘടനയില്‍ പെട്ടവരെ അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യട്ടെ.

അതേ സമയം വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല. അതിന് ആവശ്യമായ പണം ഇത് സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തവരും അവരെ പിന്തുണയ്ക്കുന്നവരും ജനങ്ങളില്‍ നിന്ന് കണ്ടെത്തുമെന്ന സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഒരു, സാമ്പത്തികസഹായവും ഇതിന് ആവശ്യമില്ല. ഇത് ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കഴിഞ്ഞ ഒരു മഹാമുന്നേറ്റമാണ്. ഇതിനെ പിന്തുണയ്ക്കാതെ മാറിനില്‍ക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടുകയാണ് ചെയ്യുക എന്ന യാഥാര്‍ത്ഥ്യവും നിങ്ങള്‍ മറക്കരുത്. ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തവരുടെ പേരുകള്‍ ഇന്ന് നാമാരും ഓര്‍ക്കുന്നില്ല. അതേസമയം ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജനങ്ങള്‍ ഇന്നും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ചരിത്രം അങ്ങനെയാണ് എന്നതും വിസ്മരിക്കരുത്.

നമ്മുടെ നാടിന്റെ അഭിമാനമായി മാറാന്‍ പോകുന്ന വനിതാമതിലിനെ സംബന്ധിച്ച് നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. അതുകൊണ്ട് തന്നെ ഈ അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കേണ്ട കാര്യമില്ല.