പാലില്‍ മായം കലര്‍ത്തിയതിനു ക്ഷീരവകുപ്പ് മൂന്നുവട്ടം നിരോധിച്ച ഡയറിയില്‍നിന്നു കേരളത്തിലേക്ക് ഇപ്പോഴും 15 കള്ള ബ്രാന്‍ഡുകളില്‍ പാല്‍ വരുന്നു. അതും ഗുരുതരരോഗങ്ങള്‍ക്കു വരെ ഇടയാക്കാവുന്ന മായം കലര്‍ന്ന പാല്‍. പിണറായിയുടെ മാത്രമല്ല, ചെന്നിത്തല ബ്രാന്‍ഡിലും പാല്‍ ഇറക്കാം. തമിഴ്നാട്ടില്‍ ഉണ്ടാക്കുന്ന പാല്‍ കേരളത്തിലെ വിലാസമുള്ള കവറിലാക്കി അതിര്‍ത്തി കടത്തി നല്‍കാനും സംവിധാനമുണ്ട്.
ഒരേ മേല്‍വിലാസത്തില്‍ പതിനഞ്ചിലധികം ഇനം കവര്‍ പാല്‍ ദിവസേന കേരളത്തിന്റെ വിവിധ ജില്ലകളിലെ വിപണിയിലെത്തുന്നു. ഈ അദ്ഭുതം എങ്ങനെ സംഭവിക്കും. ഈ അന്വേഷണമാണു വാളയാര്‍ അതിര്‍ത്തിയില്‍ മനോരമ ന്യൂസ് സംഘത്തെ എത്തിച്ചത്.
പ്ലാന്റെന്ന് തോന്നാത്തവിധം ഒരു പഴയ കെട്ടിടം. പിണറായിയില്‍ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രിയുടെ നാടിന്റെ പേരില്‍ ഒരു കവര്‍ പാല്‍ വിപണിയിലിറക്കാനുള്ള താല്‍പര്യവും പറഞ്ഞു. ഉടന്‍ വന്നു മറുപടി. ഇടപാടുറപ്പിച്ചാല്‍ അടുത്തദിവസം വേണമെങ്കിലും പിണറായി പാല്‍ പുറത്തിറക്കാം.
റിപ്പോര്‍ട്ടര്‍: ഞങ്ങള്‍ പിണറായി മില്‍ക്ക് എന്ന പേരിലുള്ള പാലാണു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. അതു നിങ്ങള്‍ ചെയ്ത് തരുമല്ലോ
പ്ലാന്റ് നടത്തിപ്പുകാരന്‍: അത് നിങ്ങളുടെ ഇഷ്ടം. ഏത് പേരിലാണെങ്കിലും കവര്‍ അടിച്ചുതന്നാല്‍ പാല്‍ ഞങ്ങള്‍ തയാറാക്കിത്തരും
മായം കലര്‍ത്തിയതിന്റെ പേരില്‍ പലതവണ നിരോധിച്ച ബ്രാന്‍ഡില്‍ എങ്ങനെ കവര്‍ പാല്‍ വിപണിയിലിറക്കാനാകും. ഇടപാടുറപ്പിക്കാന്‍ തെളിവായി തന്നത് വിവിധ ജില്ലകളിലെ കടകളിലേക്ക് പ്ലാന്റില്‍ നിന്ന് പതിവായി പോകുന്ന വ്യത്യസ്തയിനം പേരുകളിലുള്ള പാല്‍ കവറുകളായിരുന്നു. ഓരോതവണ ക്ഷീരവകുപ്പ് നിരോധിക്കുമ്പോഴും മറ്റ് പേരുകളില്‍ കവര്‍ പാല്‍ പുറത്തിറക്കുന്നതാണ് രീതി. ചേരുവയും മായവുമെല്ലാം പഴയ അളവില്‍ തന്നെ.
അര്‍ബുദത്തിനും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമായേക്കാവുന്ന മായമുണ്ടെന്നാണ് ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പിണറായി മില്‍ക്കിന്റെ കവര്‍ തയാറാക്കാന്‍ പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ ഡിസൈനിങ് സെന്ററിന്റെ മേല്‍വിലാസം നല്‍കി. സ്ഥലത്തെത്തി ഏജന്‍സിയുടെ പേരറിയിച്ചപ്പോള്‍ തന്നെ എല്ലാ വ്യാജരേഖകളും ചേര്‍ത്ത് പുതിയ കവര്‍ തയാറാക്കി നല്‍കി.
ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ പേരിനു സാമ്യമുള്ള രാജൂസ് മില്‍ക്ക് കുറഞ്ഞനിരക്കില്‍ നല്‍കാമെന്നായിരുന്നു എരിത്തിയാംപതിയിലെ പ്ലാന്റുടമയുടെ വാഗ്ദാനം.
റിപ്പോര്‍ട്ടര്‍: ഞങ്ങള്‍ രാജൂസ് മില്‍ക്കാണ് പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നത്. ഉടന്‍ തയാറാക്കിത്തരാന്‍ കഴിയുമോ ?
പ്ലാന്റ് ഉടമ: അതൊന്നും കുഴപ്പമില്ല. പാല്‍ അടിച്ചുതരും. പാല്‍ തമിഴ്നാട്ടില്‍ നിന്നാണ് എത്തിക്കുന്നത്. കേരളത്തില്‍ കിട്ടാനില്ല. തമിഴ്നാട്ടില്‍ നിന്ന് പാലെത്തിക്കുന്നതാണ് ലാഭം.
കോയമ്പത്തൂരിനടുത്ത് എട്ടിമടയിലെ പ്ലാന്റില്‍ നിന്ന് ചെന്നിത്തല മില്‍ക്കും കിട്ടും.
റിപ്പോര്‍ട്ടര്‍: ചെന്നിത്തല മില്‍ക്ക്, രാജൂസ് മില്‍ക്ക് ഇങ്ങനെ ഏതെങ്കിലും പേരാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്ടിലെ പാലിന് വലിയ മാര്‍ക്കറ്റില്ലല്ലോ
പ്ലാന്റ് ഉടമ: നിങ്ങളൊരു കാര്യം ചെയ്യ് നിങ്ങളുടെ പാല്‍ കവറില്‍ ഡയറിയുടെ ലോക്കല്‍ അഡ്രസായി ഇവിടത്തെ സ്ഥലപ്പേരില്‍ക്കൂടി വയ്ക്ക്. അപ്പോള്‍ നിങ്ങള്‍ക്ക് തമിഴ്നാട്ടിലും പ്ലാന്റുണ്ടെന്ന് വാങ്ങുന്നവര്‍ കരുതും. അത് പരിശോധിക്കാന്‍ ആരും വരില്ല. പക്ഷേ ലാഭം കൂടുതല്‍ കിട്ടുന്നത് തമിഴ്നാട്ടിലെ പാലിനാണ്.
പാലിന്റെ നിലവാരത്തെക്കുറിച്ച് വഴിയിലൊരിടത്തും പരിശോധിക്കാറില്ല. കുറഞ്ഞ നിരക്കില്‍ തമിഴ്നാട്ടില്‍ നിന്ന് പാലെത്തിച്ച് പാല്‍പൊടി ചേര്‍ത്ത് വിറ്റാല്‍ നല്ല ലാഭം കിട്ടുമെന്നും പ്ലാന്റ് നടത്തിപ്പുകാരന്റെ പ്രേരണ. നമ്മുടെ ആരോഗ്യസുരക്ഷയുടെ പ്രാഥമിക അടയാളമായ പാല്‍ ആരുടെ പേരിട്ടു വേണമെങ്കിലും ദിവസേന വീട്ടിലെത്തിക്കാം.