ഭോപ്പാൽ∙ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവച്ച മധ്യപ്രദേശിൽ പുതിയ സർക്കാരിനെ തീരുമാനിക്കുന്നതിൽ നിർണായകമായി ‘നോട്ട’യും. ഇവിടെ ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും അന്തിമ ഫലത്തിൽ കോണ്‍ഗ്രസ് ബിജെപിയേക്കാൾ അഞ്ചു സീറ്റ് അധികം നേടിയിരുന്നു.
കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണമെന്നിരിക്കെ, കോണ്‍ഗ്രസിന് 114 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് 109 സീറ്റുകളും. നാല് സ്വതന്ത്രരും രണ്ടു ബിഎസ്പി അംഗങ്ങളും ഒരു എസ്പി എംഎൽഎയും പിന്തുണ അറിയിച്ചതോടെ കോൺഗ്രസ് അധികാരം ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇരു പാർട്ടികളും ഒപ്പത്തിനൊപ്പം പൊരുതി ഒടുവിൽ ഫൊട്ടോ ഫിനിഷിൽ കോൺഗ്രസ് ജയിച്ചുകയറിയ പത്തിലധികം മണ്ഡലങ്ങളിൽ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകൾ നേടിയത് ‘നോട്ട’യാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശിലാകെ 11 മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയ മാർജിനേക്കാൾ അധികം വോട്ട് നോട്ടയ്ക്കു ലഭിച്ചത്.
അതായത്, ഈ മണ്ഡലങ്ങളിൽ നോട്ടയ്ക്കു ലഭിച്ച വോട്ട് ബിജെപി സ്ഥാനാർഥിക്കു ലഭിച്ചിരുന്നെങ്കിൽ ഇവിടങ്ങളിലെല്ലാം കോൺഗ്രസ് പിന്തള്ളപ്പെട്ടേനെയെന്നു ചുരുക്കം. ഇരു പാർട്ടികളും ഇഞ്ചോടിഞ്ചു പൊരുതി ബിജെപി ജയിച്ചുകയറിയ രണ്ടു മണ്ഡലങ്ങളിലും വിജയമാർജിനേക്കാൾ കൂടുതൽ വോട്ട് ‘നോട്ട’യ്ക്കുണ്ട്. ഈ രണ്ടു സീറ്റിൽ കോൺഗ്രസിനും മികച്ച സാധ്യതയുണ്ടായിരുന്നു.
കോൺഗ്രസ് സ്ഥാനാർഥി നേടിയ വിജയമാർജിനേക്കാൾ ‘നോട്ട’യ്ക്ക് വോട്ടു ലഭിച്ച 11 മണ്ഡലങ്ങൾ ചുവടെ (മണ്ഡലം, വിജയമാർജിൻ, നോട്ടയ്ക്കു കിട്ടിയ വോട്ട് എന്ന ക്രമത്തിൽ):
ബിയാവോറ – 826 – 1481
ദാമോ – 798 – 1299
ഗുണ്ണൂർ – 1984 – 3734
ഗ്വാളിയോർ സൗത്ത് – 121 – 1550
ജബൽപുർ നോർത്ത് – 578 – 1209
ജോബട്ട് – 2056 – 5139
മൻദാട്ട – 1236 – 1575
നെപാനഗർ – 1264 – 2551
രാജ്നഗർ – 732 – 2485
രാജ്പുർ – 932 – 3358
ഈ മണ്ഡലങ്ങളിലെല്ലാം ‘നോട്ട’യ്ക്കു കിട്ടിയ വോട്ട് ബിജെപി സ്ഥാനാർഥിക്കായിരുന്നു പോയിരുന്നതെങ്കിൽ ബിജെപിയുടെ 109 സീറ്റുകൾക്കൊപ്പം ഇതുകൂടി ചേർത്ത് അനായാസം കേവല ഭൂരിപക്ഷ നേടാമായിരുന്നു. ബിജെപി സ്ഥാനാർഥികളുടെ വിജയമാർജിൻ നോട്ടയ്ക്കു കിട്ടിയ വോട്ടിനേക്കാൾ കുറവുള്ള രണ്ടു മണ്ഡലങ്ങൾ ഒഴിവാക്കിയാൽ പോലും ബിജെപിക്ക് ഒറ്റയ്ക്ക് 118 സീറ്റുകൾ നേടാമായിരുന്നു!
‘നോട്ട’യ്ക്കു പുറമെ മായാവതിയുടെ ബിഎസ്പി നേടിയ വോട്ടുകളും ഉയർന്ന ജാതിക്കാരുടെ എതിർ നിലപാടും ബിജെപിയുടെ സാധ്യതകൾ തകർത്തുവെന്നു പറയാം. ചില മണ്ഡലങ്ങളിൽ ഇരു പാർട്ടികളുമായും സംവരണ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം മൂലം ‘നോട്ട’യ്ക്കു വോട്ടു ചെയ്യാൻ ഉയർന്ന ജാതികളിലെ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം അപ്രതീക്ഷിത തിരിച്ചടികളാണ് തുടർച്ചയായ നാലാം വട്ടവും മധ്യപ്രദേശിൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ തകർത്തത്.