എസ്ഐയ്ക്കെതിരെ ഭീഷണി പ്രസംഗം; കെ.എം. ഷാജിക്കെതിരെ കേസ്

കെ.എം. ഷാജി (ഫയൽ ചിത്രം)

കണ്ണൂർ∙ തിരഞ്ഞെടുപ്പ് കേസ് അന്വേഷിച്ച വളപട്ടണം എസ്ഐയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പ്രസംഗിച്ച കുറ്റത്തിനു അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച കണ്ണൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം. കേസെടുത്തത് ആസൂത്രിതനീക്കമാണെന്ന് ഷാജി പ്രതികരിച്ചു. എസ്ഐയെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചിട്ടില്ലെന്നു ഷാജി പറഞ്ഞു.

അയോഗ്യതാ കേസിൽ വഴിത്തിരിവ്

കെ.എം. ഷാജിയെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ ഇടയായ കേസിൽ വഴിത്തിരിവായി രേഖ പുറത്തുവന്നു. ഷാജിക്കു വേണ്ടി തയാറാക്കിയതെന്ന് ആരോപിക്കപ്പെട്ട വർഗീയ പരാമർശമുള്ള നോട്ടിസ് പൊലീസ് പിടികൂടിയതാണെന്ന വാദം പൊളിഞ്ഞു. മറ്റൊരാൾ സ്റ്റേഷനിൽ എത്തിച്ചുനൽകിയതാണെന്നു വ്യക്തമാക്കുന്ന പൊലീസ് രേഖ മനോരമ ന്യൂസിനു ലഭിച്ചു. ഇതു യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്നു പിടികൂടി എന്നായിരുന്നു പൊലീസ് ഭാഷ്യം. രേഖസഹിതം കെ.എം. ഷാജി ഹൈക്കോടതിയിൽ ഹർജി നൽകി.

മതസ്പർധ വളർത്തുംവിധം വർഗീയ പരാമർശമുള്ള നോട്ടിസ് അടിച്ചിറക്കി വോട്ടുതേടിയെന്ന നിഗമനത്തിലാണ് ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരം നോട്ടിസുകളിൽ ചിലത് യുഡിഎഫ് പ്രാദേശിക നേതാവ് എൻ.പി. മനോരമയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തുവെന്ന വളപട്ടണം എസ്‌ഐ ശ്രീജിത് കൊടേരി മൊഴി നൽകിയിരുന്നു. എന്നാൽ ഇങ്ങനെ എസ്‌ഐ ഹൈക്കോടതിയെ തെറ്റിദ്ധരിച്ചു എന്നാരോപിച്ചാണു ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മനോരമയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടന്നത് മേയ് 12 ഉച്ചയ്ക്ക് 1.10ന്. വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സീഷർ മഹസർ അഥവാ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയിൽ ആരോപണ വിധേയമായ വർഗീയച്ചുവയുള്ള നോട്ടിസ് ഇല്ല.

പകരം, തൊട്ടടുത്ത ദിവസമാണ് ഇത് പൊലീസിനു ലഭിക്കുന്നത്. വളപട്ടണം ഫെറി റോഡിൽ താമസക്കാരനായ അബ്ദുൽ നാസർ ആണിത് പൊലീസിന് കൈമാറിയത് എന്നു തെളിയിക്കുന്ന പൊലീസിന്റെ തന്നെ രേഖയാണ് പുറത്തുവന്നത്. എവിടെ വച്ചു കണ്ടെത്തിയെന്ന വ്യക്തമായ വിവരം നാലാം നമ്പറായി ചേർത്തിരിക്കുന്നു – Place of seizure: Valapattanam Police Station എന്നാണ് അതിൽ കൊടുത്തിരിക്കുന്നത്. അതായത് അബ്ദുൽ നാസർ സ്റ്റേഷനിൽ എത്തിച്ചുനൽകിയ നോട്ടിസാണു തലേന്നു റജിസ്റ്റർ ചെയ്ത കേസിലെ രേഖയായി പൊലീസ് ചേർത്തത്. നോട്ടിസ് സ്റ്റേഷനിൽ എത്തിച്ച അബ്ദുൽ നാസർ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന് കെ.എം. ഷാജി ഹർജിയിൽ പറയുന്നു.

ഇതോടെ നോട്ടിസിന്റെ ഉറവിടം ദുരൂഹമാകുകയാണ്. ഷാജിക്ക് അയോഗ്യത കല്പിച്ച ജസ്റ്റിസ് പി.ഡി. രാജന്റെ ബെഞ്ചിൽ തന്നെയാണു ഹർജി നൽകിയിരിക്കുന്നത്. കോടതിയെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ച എസ്ഐക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് ആവശ്യം. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.