ന്യൂഡൽഹി∙ ഏറെ അഴിമതി ആരോപണങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. ഫ്രാൻസുമായുള്ള റഫാൽ പോർ വിമാന ഇടപാട് സംബന്ധിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. റഫാൽ യുദ്ധവിമാനത്തിന്റെ വിലയില്‍ വിശദമായ പരിശോധന നടത്തേണ്ട സാഹചര്യമുണ്ടെന്നു കരുതുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
റഫാൽ ജെറ്റിന്റെ ഗുണനിലവാരത്തിൽ സംശയമില്ല. ഇടപാടിലും കരാറിലും സംശയമില്ല. വില താരതമ്യം ചെയ്യുക കോടതിയുടെ പണിയല്ല. റഫാൽ ഇടപാട് റദ്ദാക്കാനാകില്ല. റഫാൽ ജെറ്റിന്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിരോധ ഇടപാടുകളിൽ കോടതി പരിശോധനയ്ക്കു പരിധിയുണ്ട്. ഓഫ്സെറ്റ് കരാർ പങ്കാളിയെ തീരുമാനിക്കേണ്ടത് വിമാന നിർമാണക്കമ്പനിയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൂന്നംഗ ബെഞ്ച് ഐകകണ്ഠ്യേനയാണു തീരുമാനത്തിലെത്തിയത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍അഴിമതിയാരോപിച്ച് ബിജെപി വിമതനേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. എന്നാല്‍, ബിജെപി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
ദിവസങ്ങള്‍ നീണ്ട ചൂടേറിയ വാദങ്ങള്‍ക്കൊടുവിലാണ് കോടതി ഉത്തരവിട്ടത്. വ്യോമസേനാ ഉപമേധാവിയും സഹമേധാവിയും വരെ കോടതിയിലെത്തി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു. റഫാൽ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സർക്കാർ രഹസ്യരേഖയായാണു നൽകിയത്. 36 റഫാൽ വിമാനങ്ങൾക്ക് ഏകദേശം 60,000 കോടി രൂപയാണു ചെലവിടുന്നത്. വിധിയുടെ വിശദവിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സിൽ’ വായിക്കാം.