റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിനു നൽകുന്നതു വർധിത വീര്യം; കോൺഗ്രസിനു തലവേദനയും. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കുശേഷം ദേശീയ രാഷ്ട്രീയ ഗോദയിൽ സടകുടഞ്ഞെഴുന്നേൽക്കാൻ ബിജെപിയെ ഇതു സഹായിക്കും. തിരഞ്ഞെടുപ്പു വിജയാവേശത്തിൽ ഉയർത്തിയ കൈ മടക്കി തലയിൽ വയ്ക്കുകയാണു കോൺഗ്രസ്. രാഷ്ട്രീയത്തിനു പുറമെ, പ്രതിരോധ മേഖലയിലും സുപ്രീംകോടതി വിധിക്കു മാനങ്ങളേറെ.
റഫാൽ രാഷ്ട്രീയം
സുപ്രീം കോടതി വിധി ബിജെപിക്ക്, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകുന്ന ആശ്വാസം ചെറുതല്ല. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി രംഗത്തിറങ്ങിയ കോൺഗ്രസ്, എല്ലാ അമ്പുകളും എയ്തതു മോദിയെ ലക്ഷ്യമിട്ടായിരുന്നു. മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതി എന്ന പ്രചാരണവുമായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടു രംഗത്തിറങ്ങി.
ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നപ്പോഴും അവയ്ക്കൊന്നും മറുപടി പറയാതെ മൗനം പാലിച്ച മോദിയെ പ്രതിപക്ഷം ഒറ്റക്കെട്ടായി ആക്രമിച്ചു. ആക്രമണങ്ങൾക്കെല്ലാം ചുട്ടമറുപടി നൽകാനുള്ള വെടിമരുന്നാണു കോടതി വിധിയിലൂടെ മോദിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാജ്യ സുരക്ഷയെ മുൻനിർത്തി കേന്ദ്ര സർക്കാർ നടത്തിയ ഇടപാടിൽ അഴിമതിയില്ലെന്ന തങ്ങളുടെ വാദത്തിനുള്ള അംഗീകാരമാണു കോടതി വിധിയെന്നു ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ റഫാൽ ഇടപാട് കേന്ദ്രത്തിനെതിരായ മുഖ്യ പ്രചാരണായുധമാക്കാൻ ലക്ഷ്യമിട്ടിരുന്ന കോൺഗ്രസിനു കോടതി വിധി വൻ തിരിച്ചടിയാകും. എന്നാൽ, വിട്ടുകൊടുക്കാൻ തയാറല്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി സ്വകാര്യ കമ്പനിക്കു കരാർ നൽകിയതിൽ പ്രധാനമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ഇക്കാര്യത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെടുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
പാർലമെന്റിൽ നിലവിൽ പുരോഗമിക്കുന്ന ശീതകാല സമ്മേളനത്തിൽ റഫാൽ വിഷയം ചൂടുള്ള ചർച്ചയാകുമെന്നുറപ്പ്. എന്നാൽ, ഇതുവരെ പ്രതിരോധത്തിൽനിന്ന ബിജെപി വർധിത വീര്യത്തോടെ സഭയിൽ അവയെ നേരിടുമെന്ന കാര്യത്തിൽ സംശയമില്ല. കോടതി ശരിവച്ചിട്ടും ഇടപാടിൽ വീണ്ടും സംശയമുന്നയിക്കുന്ന കോൺഗ്രസിന്റെ ലക്ഷ്യം രാഷ്ട്രീയലാഭം മാത്രമാണെന്ന വാദം ബിജെപി ഉന്നയിക്കും. അതിനെ ചെറുക്കാനുള്ള മറുമരുന്നുമായി മോദിയെ ഇനിയും കടന്നാക്രമിക്കുക രാഹുലിനും കൂട്ടർക്കും എളുപ്പമാവില്ല. ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്കു രാഹുൽ ക്ഷമ പറയണമെന്ന ആവശ്യവുമായി രംഗത്തുവന്ന ബിജെപിയുടെ ലക്ഷ്യവും വ്യക്തം – അടിക്ക് അതേ നാണയത്തിലുള്ള തിരിച്ചടി.
പ്രതിരോധത്തിൽ ഇനിയെന്ത്?
പ്രതിരോധ മേഖലയ്ക്ക് ഊർജം പകരുന്ന വിധിയാണിത്. യുദ്ധവിമാന സന്നാഹത്തിൽ പിന്നാക്കം നിൽക്കുന്ന വ്യോമസേനയുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ചു യുപിഎ സർക്കാരിന്റെ കാലത്തു തുടക്കമിട്ട ഇടപാട് എൻഡിഎ സർക്കാർ യാഥാർഥ്യമാക്കിയെങ്കിലും വിഷയം കോടതി കയറിയതോടെ ആശങ്കയിലായിരുന്നു സേന. അയൽരാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും അതിർത്തിയിൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഇനിയും കാത്തിരിക്കാനാവില്ലെന്നും എത്രയും വേഗം വിമാനങ്ങൾ ലഭ്യമാക്കണമെന്നും നിലപാടെടുത്ത സേനയ്ക്ക് വിധി ആശ്വാസമാകും.
കോടതിയുടെ നൂലാമാലകളിൽ കുടുങ്ങാതെ, സ്വതന്ത്രമായി പറക്കാൻ നീതിപീഠം റഫാലിനു പച്ചക്കൊടി കാട്ടിയതോടെ, യുദ്ധവിമാനത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലേക്കു സേന കടക്കും. അടുത്ത വർഷത്തോടെ വിമാനങ്ങൾ എത്തിത്തുടങ്ങും. പാക്കിസ്ഥാനെ ലക്ഷ്യമിട്ടു പഞ്ചാബിലെയും ചൈനയെ ലക്ഷ്യമിട്ടു ബംഗാളിലെയും സേനാതാവളങ്ങളിൽ അവ നിലയുറപ്പിക്കും.
ഇന്ത്യയുടെ ആകാശക്കരുത്ത്
നിലവിൽ, 31 ഫൈറ്റർ സ്ക്വാഡ്രണുകളാണു (ഒരു സ്ക്വാഡ്രണിലുള്ളത് 18 യുദ്ധവിമാനങ്ങൾ) വ്യോമസേനയുടെ പക്കലുള്ളത്. സേനയുടെ സ്ക്വാഡ്രൺ ശേഷി 42 ആണെന്നിരിക്കെ, നിലവിലെ യുദ്ധവിമാന ശേഖരം വളരെ കുറവാണെന്നും അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നും സേന വിലയിരുത്തുന്നു.
സുഖോയ് 30 എംകെഐ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ ആകാശക്കരുത്തിനു മൂർച്ച പകരുന്നത്. കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങൾ അഞ്ചു വർഷത്തിനകം സേനയിൽനിന്നു ഘട്ടം ഘട്ടമായി ഒഴിവാക്കും. ഇതുണ്ടാക്കുന്ന വിടവു നികത്താൻ റഫാലിന്റെ വരവു സഹായിക്കും.