Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു വിരാമം; മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയും

Mahinda Rajapaksa മഹിന്ദ രാജപക്ഷെ

കൊളംബോ∙ ഏഴ് ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയുന്നു. രാജപക്ഷെയുടെ മകൻ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ‘രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്ഷെ പ്രധാനമന്ത്രി സ്ഥാനമൊഴിയും’ - നമൽ രാജപക്ഷെ ട്വിറ്ററിൽ കുറിച്ചു.

പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി. സിരിസേനയുമായി സഖ്യത്തിലേർപ്പെടുമെന്നും നമൽ വ്യക്തമാക്കി.

ഒക്ടോബർ 26നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി അവരോധിച്ചത്. എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രാജപക്ഷെ തോറ്റതിനെ തുടർന്നു സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു. ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനും ഉത്തരവിട്ടു.

ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.