കൊളംബോ ∙ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ശുപാർശ ചെയ്ത ചിലരെ ഒഴിവാക്കിക്കൊണ്ട് 30 അംഗ മന്ത്രിസഭയ്ക്ക് പ്രസിഡന്റ് മൈത്രിപാല സിരിസേന അനുമതി നൽകി. പ്രതിരോധത്തിനു പുറമേ ആഭ്യന്തര വകുപ്പിന്റെയും നിയന്ത്രണം നിലനിർത്തിയ സിരിസേന, അധികാര വടംവലി തുടരുമെന്ന സൂചനയും നൽകി. വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് 3 ദിവസത്തിനു ശേഷമാണ് സിരിസേന മന്ത്രിസഭയ്ക്ക് അനുമതി നൽകിയത്.
മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയ്ക്കെതിരായ അഴിമതി അന്വേഷണത്തിന്റെ ചുമതല ആഭ്യന്തര വകുപ്പിനാണ്. സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി വിട്ട് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി)യിൽ ചേർന്നവരെ മന്ത്രിമാരാക്കാനും പ്രസിഡന്റ് തയ്യാറായിട്ടില്ല. ഭരണഘടനപ്രകാരം പ്രതിരോധത്തിന്റെ ചുമതല പ്രസിഡന്റിനു തന്നെയാണ്.
വിക്രമസിംഗെയെ പിരിച്ചുവിട്ട് രാജപക്ഷെയെ പ്രധാനമന്ത്രിയാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്ത പ്രസിഡന്റിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത രാജപക്ഷെയ്ക്കു പ്രധാനമന്ത്രിയായി തുടരാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. തുടർന്ന് ഭൂരിപക്ഷമുള്ള വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സിരിസേന നിർബന്ധിതനായി.
ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം പ്രസിഡന്റ് ഏറ്റെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് യുഎൻപി ആരോപിച്ചു. എന്നാൽ പ്രസിഡന്റിനു നേരെയുള്ള വധശ്രമക്കേസിന്റെ അന്വേഷണം പൂർത്താകുന്നതു വരെയുള്ള താൽക്കാലിക സംവിധാനമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വിശദീകരിച്ചു.