Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്ക പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധം: സുപ്രീം കോടതി

റനിൽ വിക്രമസിംഗെ, മൈത്രിപാല സിരിസേന, മഹിന്ദ രാജപക്ഷെ റനിൽ വിക്രമസിംഗെ, മൈത്രിപാല സിരിസേന, മഹിന്ദ രാജപക്ഷെ

കൊളംബോ ∙ പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഐകകണ്ഠ്യേനയാണ് പ്രസിഡന്റിന്റെ നടപടിക്കെതിരെ വിധിയെഴുതിയത്. കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.

ശ്രീലങ്കയിലെ 225 അംഗ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നവംബർ 9 ലെ ഉത്തരവിനെതിരെ 13 ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നവംബർ 13ന് സിരിസേനയുടെ നടപടി മരവിപ്പിച്ചു കൊണ്ട് കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവു നൽകിയ 3 ജഡ്ജിമാർ കൂടി ഉൾപ്പെടുന്ന ഏഴംഗ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം വിധി പറഞ്ഞത്.

സിരിസേന ഒക്ടോബർ 26 ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്ഷെയെ അവരോധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. രാജപക്ഷെ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ തോറ്റു. തുടർന്നാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഉത്തരവിട്ടത്.