തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപന്തലിനു മുന്നില്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു. ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. നേരത്തെ ബിജെപി സമരപന്തലിൽ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നിരാഹാര സമരം നടത്തുന്ന ബിജെപി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന്‍ മൃതദേഹത്തിനു അന്തിമോപചാരം അര്‍പ്പിച്ചു.
സി.കെ.പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിനു മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ആത്മഹത്യാശ്രമം നടന്നത്. റോഡിനു എതിര്‍വശത്തുവച്ചു ദേഹത്ത് പെട്രോളൊഴിച്ചശേഷം സമരപന്തലിലേക്ക് ഓടികയറാന്‍ എത്തിയ ആളെ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നു തടയുകയായിരുന്നു. ദേഹത്ത് വെള്ളമൊഴിച്ച് തീ കെടുത്തി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍നായരെ പൊലീസാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. പ്ലംബിഗ് തൊഴിലാളിയാണ്.
നാമജപത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ബിജെപി പ്രവര്‍ത്തകനല്ലെന്നു പൊലീസ് പറഞ്ഞു. അതേസമയം, ശബരിമലയില്‍ ഭക്തര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ചാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്നു ബിജെപി നേതാക്കള്‍ പറയുന്നു.