Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ധേരിയിലെ ആശുപത്രിയിൽ തീപിടിത്തം: പിഞ്ചുകുഞ്ഞുൾപ്പെടെ 8 മരണം

ESIC Hospital Fire | Andheri അന്ധേരിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം.

മുംബൈ∙ അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 8 മരണം. മരിച്ചവരിൽ ആറുമാസം പ്രായമായ കുരുന്നും ഉൾപ്പെടുന്നു. 140 പേർക്കു പരുക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടു ലക്ഷം വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം വീതവും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ESIC Hospital Fire | Andheri അന്ധേരിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്കു മാറ്റുന്നു.

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐസി) നിയന്ത്രണത്തിൽ മാറോലിൽ പ്രവർത്തിക്കുന്ന കാംഗാർ ഹോസ്പിറ്റലിലാണു വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനായി 8–10 ഫയർ എൻജിനുകളാണ് ആശുപത്രി പരിസരത്തെത്തിയത്.

അഞ്ചു നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കർ ലോറികളിൽ പ്രത്യേകമായി വെളളമെത്തിച്ച് നടപടികൾ ത്വരിതപ്പെടുത്തി. ഫയർ എൻജിനുകളും തൊട്ടുപിന്നാലെ സ്ഥലത്തെത്തിച്ചു.

ഏണികൾ ഉപയോഗിച്ചാണു രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ മുംബൈയിലെ കൂപ്പർ, സെവൻ ഹിൽസ്, ഹോളി സ്പിരിറ്റ്, ട്രോമാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ അന്ധേരിയിലുണ്ടായ രക്ഷാനടപടികൾ വടക്കു–പടിഞ്ഞാറൻ, കിഴക്കൻ മുംബൈയ്ക്കു മധ്യേയുള്ള ഗതാഗതത്തെ ബാധിച്ചു.

ESIC Hospital Fire | Andheri അന്ധേരിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തത്തിൽ കത്തിനശിച്ച സാധനങ്ങൾ.
related stories