സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനു ജീവപര്യന്തം

സജ്ജൻ കുമാർ

ന്യൂഡൽ‌ഹി∙ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനു ജീവപര്യന്തം തടവുശിക്ഷ. സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണു ഡൽഹി ഹൈക്കോടതിയുടെ വിധി. ഡിസംബർ 31നു മുൻപ് സജ്ജൻ കീഴടങ്ങണമെന്നു കോടതി ഉത്തരവിട്ടു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്നു ഡൽഹി കാന്റ് മേഖലയിലെ രാജ്‌നഗറിൽ അഞ്ചു സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണു ശിക്ഷ. 

കേസിലെ പരാതിക്കാരിയും ദൃക്‌സാക്ഷിയും രാജ്‌നഗറിലെ കലാപത്തിൽ ഭർത്താവിനെയും മകനെയും മൂന്നു സഹോദരങ്ങളെയും നഷ്‌ടപ്പെട്ട വനിതയുമായ ജഗ്‌ദീഷ് കൗറിന്റെ ധീരതയെ കോടതി പ്രത്യേകം പ്രശംസിച്ചു. സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്‌റ്റിസ് ജി.ടി. നാനാവതി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 2005 ഒക്‌ടോബറിലാണു സജ്‌ജൻ കുമാറിനും മറ്റുള്ളവർക്കും എതിരെ കേസെടുത്തത്. 1984ൽ ലോക്‌സഭാംഗമായിരുന്നു സജ്‌ജൻ. സജ്‌ജന്റെ നേതൃത്വത്തിൽ നടന്ന കുറ്റകൃത്യങ്ങൾക്കു പൊലീസ് മറപിടിച്ചെന്നായിരുന്നു സിബിഐ വാദിച്ചത്. സജ്‌ജന് എതിരെ ലഭിച്ച എല്ലാ പരാതികളിൽനിന്നും അദ്ദേഹത്തിന്റെ പേര് പൊലീസ് മായ്‌ച്ചു കളഞ്ഞതായും ആരോപിച്ചു. 

എന്നാൽ തെളിവുകളുടെ അഭാവത്തിൽ 2013 മേയിൽ ഡൽഹി സെഷൻസ് കോടതി സജ്ജനെ കുറ്റവിമുക്നാക്കി. ഇതു ചോദ്യം ചെയ്തുകൊണ്ടു ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984ൽ കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ നടന്ന കലാപത്തിൽ 95 സിഖുകാർ കൊല്ലപ്പെടുകയും നൂറോളം വീടുകൾ കത്തി നശിക്കുകയും ചെയ്തിരുന്നു. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2733 പേർ കൊല്ലപ്പെട്ടെന്നാണു കണക്കുകൾ. ഇതിൽ 2100 പേരും ഡൽഹിയിലാണു കൊല്ലപ്പെട്ടത്.