Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയ്ക്കെതിരെ അവിശ്വാസവുമായി പ്രതിപക്ഷം; വിമതർ തുണച്ചാൽ സർക്കാർ വീഴും

ടോമി വട്ടവനാൽ
Theresa-May-brexit

ലണ്ടൻ∙ കൺസർവേറ്റീവ് പാർട്ടിയിൽ എംപിമാർ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരേ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബർ ലീഡറുമായ ജെറമി കോർബിനാണ് ഇന്നലെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്ന തെരേസ മേയ്ക്ക് ഇത് അഗ്നി പരീക്ഷയാകുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തോടൊപ്പം കൺസർവേറ്റീവ് പാർട്ടിയിലെ വിമതർകൂടു ചേർന്നാൽ സർക്കാരിന്റെ പതനം ആസന്നമാകും.

ബ്രെക്സിറ്റ് ഉടമ്പടിയിന്മേലുള്ള പാർലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാം വാരം മാത്രമേ നടക്കൂവെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ്, പരാജയം ഉറപ്പായതോടെ അവസാന നിമിഷം പ്രധാനമന്ത്രി അനിശ്ചിതമായി മാറ്റിവയ്ക്കുകയായിരുന്നു.

ബ്രെക്സിറ്റിന്മേൽ അഭിപ്രായം അറിയിക്കാനുള്ള എംപിമാരുടെ അവസരം ഒരുമാസത്തേക്കു നീട്ടിവയ്ക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനം ഒരുവിധത്തിലും അംഗീകരിക്കാനാകില്ലെന്നു പ്രമേയത്തിനു നോട്ടിസ് നൽകിക്കൊണ്ട് ജെറമി കോർബിൻ വ്യക്തമാക്കി. ദേശീയ പ്രതിസന്ധിയിലേക്കാണു രാജ്യത്തെ തെരേസ മേയ് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരാജയം ഉറപ്പായതിനാൽ കഴിഞ്ഞയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റിവച്ച് ബ്രസൽസിൽ കൂടുതൽ ചർച്ചയ്ക്കായി പോയ പ്രധാനമന്ത്രിക്ക് യൂറോപ്യൻ യൂണിയൻ നേതാക്കളിൽനിന്നും കാര്യമായ ഉറപ്പുകൾ നേടാനോ ഉടമ്പടിയിൽ എന്തെങ്കിലും ഭേദഗതി വരുത്താനോ സാധിച്ചില്ല. ഇതേത്തുടർന്നാണ് ഇന്നലെ പാർലമെന്റിലെ വോട്ടെടുപ്പ് ജനുവരി മൂന്നാംവാരമേ നടക്കൂ എന്ന് അവർ അറിയിച്ചത്. ഉടമ്പടിയിലെ വിവാദവിഷയമായ ഐറീഷ് ബാക്ക്സ്റ്റോപ്പ് ഒരിക്കലും ബ്രിട്ടനു കെണിയാകില്ലെന്ന് യൂറോപ്യൻ നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.

പാർട്ടിയിലെ പ്രമുഖ നേതാക്കൾ പലരും വിമതപക്ഷത്തായിട്ടും പൊരുതിനിന്ന തെരേസ മേയ്ക്ക് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ മറികടക്കുക എളുപ്പമാകില്ല. കേവലം 317 എംപിമാരേ പാർലമെന്റിൽ ടോറികൾക്കുള്ളു. ഇതിൽ 117 പേർ മേയുടെ ബ്രെക്സിറ്റ് നയങ്ങളെ എതിർക്കുന്നവരാണ്. ഇതിൽത്തന്നെ പകുതിയോളം പേർ പ്രധാനമന്ത്രി മാറണമെന്ന് ശക്തമായ ആഗ്രഹമുള്ളവരും. സർക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്കും ബ്രെക്സിറ്റ് നയങ്ങളോട് എതിർപ്പാണ്. മറ്റ് പ്രതിപക്ഷ കക്ഷികളായ സ്കോട്ടിഷ് നാഷനൽ പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും ബ്രെക്സിറ്റ് എങ്ങനെയും തടയണമെന്ന നിലപാടുകാരാണ്. ഇവരെല്ലാം പ്രമേയത്തെ അനുകൂലിക്കുന്ന സ്ഥിതിയുണ്ടായാൽ പ്രധാനമന്ത്രിസ്ഥാനം തെരേസയ്ക്ക് വച്ചൊഴിയേണ്ടിവരും.