റഫാൽ, സിഖ് വിരുദ്ധ കലാപം: ബഹളത്തിൽ മുങ്ങി പാർലമെന്റ്; ഇരുസഭകളും നിർത്തിവച്ചു

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാട്, 1984ലെ സിഖ് വിരുദ്ധ കലാപം എന്നീ വിഷയങ്ങളെച്ചൊല്ലി പാർലമെന്റിൽ ബഹളം. ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോര് കടുത്തപ്പോൾ ഇരുസഭകളും നിർത്തിവച്ചു. രാജ്യസഭ ഉച്ചയ്ക്ക് 2 വരെയും ലോക്സഭ ഉച്ച വരെയുമാണു നിർത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാക്കൾ അവകാശ‌ ലംഘന നോട്ടിസ് നൽകിയപ്പോൾ, 3 ബിജെപി എംപിമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നോട്ടിസ് നൽകി. പ്രധാനമന്ത്രിക്കെതിരെ ലോക്സഭയിൽ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെയും ഡപ്യൂട്ടി ചീഫ് വിപ് കെ.സി.വേണുഗോപാലുമാണു നോട്ടിസ് നൽകിയത്.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൽനിന്നു (സിഎജി) ലഭിച്ച റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പരിശോധിച്ചെന്നും മറ്റും സുപ്രീംകോടതി വിധിയിലുള്ള പരാമർശമാണു വിഷയം.

പാർലമെന്റിൽ വയ്ക്കാതെയാണു റിപ്പോർട്ട് പിഎസിക്കു നൽകിയതെന്നും ഇത് അവകാശ ലംഘനമെന്നുമാണ് ആരോപണം. സിഎജി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപമാണു പാർലമെന്റിൽ വയ്ക്കുന്നതെന്നു കോടതിയോടു പറഞ്ഞതും അവകാശലംഘനമാണ്. സിപിഎമ്മിലെ മുഹമ്മദ് സലിം, പി.കരുണാകരൻ എന്നിവരും നോട്ടിസ് നൽകി.

ഇല്ലാത്ത സിഎജി റിപ്പോർട്ട് പറഞ്ഞു കോടതിയെ തെറ്റിദ്ധരിപ്പിച്ചതും റിപ്പോർട്ട് ഉണ്ടെങ്കിൽ അതു പാർലമെന്റിൽ വയ്ക്കാതിരുന്നതും അവകാശലംഘനമെന്നാരോപിച്ചു സർക്കാരിനെതിരെ സിപിഐയുടെ ഡി. രാജയും ബിനോയ് വിശ്വവും രാജ്യസഭയിൽ നോട്ടിസ് നൽകി. 

കഴിഞ്ഞ ജൂലൈയിൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ റഫാൽ വിമാനങ്ങളുടെ പുതിയ വിലയെക്കുറിച്ചു രാഹുൽ ഗാന്ധി പറഞ്ഞതു വാസ്തവിരുദ്ധമായ കാര്യമാണെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതു  അവകാശലംഘനമാണെന്നും ബിജെപിയിലെ അനുരാഗ് ഠാക്കൂർ, നിഷികാന്ത് ദുബെ, സഞ്ജയ് ജയ്സ്വാൾ എന്നിവർ ലോക്സഭയിൽ നൽകിയ അവകാശ‌ ലംഘന നോട്ടിസിൽ ആരോപിക്കുന്നു. 

രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സർക്കാരിനും നിയമമന്ത്രി രവി ശങ്കർ പ്രസാദിനുമെതിരെയാണു നോട്ടിസ് നൽകിയത്. കോടതിക്കു സർക്കാർ തെറ്റായ വിവരങ്ങൾ നൽകുന്നത് ഇതാദ്യമാണെന്നും സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന്റെ പ്രസക്തി വർധിച്ചെന്നും ഗുലാം നബി പറഞ്ഞു.

അതിനിടെ, 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതു പ്രതിപക്ഷത്തിനെതിരായ ആയുധമാക്കുകയാണു ഭരണപക്ഷം. സംഭവം നടക്കുമ്പോൾ ഔട്ടർ ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു സജ്ജൻ കുമാർ. ഗൂഢാലോചന, കുറ്റകൃത്യത്തിനു പ്രേരിപ്പിക്കൽ, വീടുകൾക്കും ഗുരുദ്വാരകൾക്കും തീയിടൽ തുടങ്ങിയവയാണു സജ്ജനെതിരായ കുറ്റങ്ങൾ.