ബെംഗളൂരു ∙ ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്–7എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വൈകിട്ട് 4:10 നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ പതിനേഴാമത്തെയും അവസാനത്തെയും ഉപഗ്രഹ വിക്ഷേപണമാണിത്. എട്ടുവർഷമാണു ഉപഗ്രഹത്തിന്റെ കാലാവധി.
ജിഎസ്എൽവി–എഫ് 11 പേടകം ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഐഎസ്ആർഒ നിർമിച്ച ഇന്ത്യയുടെ 35–ാം വാർത്താവിനിമയ ഉപഗ്രഹമാണ് 2250 കിലോ ഭാരമുള്ള ജിസാറ്റ്–7എ. വ്യോമസേനയുടെ ആശയവിനിമയശേഷി ശക്തമാക്കുകയെന്നതാണു ജിസാറ്റ്–7എയുടെ മുഖ്യലക്ഷ്യം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 69–ാം വിക്ഷേപണമാണ് ബുധനാഴ്ച നടന്നത്.