Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നോ ഡീൽ’ ബ്രെക്സിറ്റിന് ബ്രിട്ടൻ ഒരുക്കം തുടങ്ങി; അവിശ്വാസത്തെ നേരിടാൻ കടുത്ത നടപടി

theresa-may തെരേസ മേ

ലണ്ടൻ∙ യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് ഉടമ്പടിക്ക് ബ്രിട്ടിഷ് പാർലമെന്റിന്റെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ തെരേസ മേ സർക്കാർ ‘നോ ഡീൽ’ ബ്രെക്സിറ്റിനുള്ള (ഉടമ്പടിയില്ലാത്ത പിന്മാറ്റം) ഒരുക്കം തുടങ്ങി. കരട് ഉടമ്പടിയിൽ ഭേദഗതി വരുത്താൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ തയാറാകാതിരിക്കുകയും നിലവിലെ ഉടമ്പടിക്ക് അംഗീകാരം നൽകാൻ ഭൂരിഭാഗം എംപിമാരും തയാറാകാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഉടമ്പടിയില്ലാത്ത പിന്മാറ്റത്തെക്കുറിച്ചു സർക്കാർ ഗൗരവമായി ആലോചിക്കുന്നത്. ഇതിനിടെ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസത്തിനു നോട്ടിസ് നൽകുകകൂടി ചെയ്തതോടെ കടുത്ത നടപടികളിലേക്കു കടക്കാൻ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ രണ്ടര മണിക്കൂറിലേറെ ചർച്ചചെയ്തശേഷമാണു ‘നോ ഡീൽ’ ബ്രെക്സിറ്റിനുകൂടി തയാറാകാൻ മന്ത്രിസഭ തീരുമാനമെടുത്തത്. ഉടമ്പടിയില്ലാതെ പിരിയുന്ന സാഹചര്യമുണ്ടായാൽ അതിനെ നേരിടാനുള്ള രണ്ടു ബില്യൺ പൗണ്ടിന്റെ അടിയന്തര സഹായത്തിനു മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. നോ ഡീൽ ബ്രെക്സിറ്റിന് ഒരുങ്ങാൻ 1,40,000 സ്ഥാപനങ്ങൾക്കു കത്തുനൽകാനും മന്ത്രിസഭ തീരുമാനിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളെ സഹായിക്കാൻ അടിയന്തര സാഹചര്യത്തിൽ 3,500 സൈനികരുടെ സേവനം തേടാനും തീരുമാനമുണ്ട്.

ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഇനി കൃത്യം 100 ദിവസങ്ങൾ മാത്രമാണു ബാക്കി. ജനുവരി 14ന് കരട് ഉടമ്പടി പാർലമെന്റ് തള്ളിയാൽ പിന്നെ മറ്റൊരു ചർച്ചയ്ക്കോ ഉടമ്പടിക്കോ സമയമില്ല. ഈ സാഹചര്യത്തിലാണ് നോ ഡീൽ ബ്രെക്സിറ്റിനായി സർക്കാർ ഒരുങ്ങുന്നത്.

ഇതിനിടെ പ്രതിപക്ഷം നൽകിയ അവിശ്വാസത്തിനുള്ള നോട്ടിസ് പരിഗണിക്കേണ്ട സാഹചര്യം തൽക്കാലമില്ലെന്ന് സ്പീക്കർ ജോൺ ബെർക്കോവ് വ്യക്തമാക്കി. പ്രമേയം ചർച്ചയ്ക്കെടുക്കുന്നതിൽ സമയം അനുവദിക്കുന്നതിനു സർക്കാരും വിമുഖത അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിനെ വീഴ്ത്താൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ചു പ്രമേയവുമായി മുന്നോട്ടുപോകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.