പൊലീസിനെ മർദിച്ച എസ്എഫ്ഐക്കാരെ പിടികൂടുന്നതിൽ വീഴ്ച; സിഐയെ സ്ഥലം മാറ്റി

എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദിക്കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം ∙ പാളയം യുദ്ധസ്മാരകത്തിനുമുന്നിൽ മൂന്ന് പൊലീസുകാരെ ക്രൂരമായി മർദിച്ച ‌എസ്എഫ്ഐക്കാരെ പിടികൂടാത്തതിന് കന്റോൺമെന്റ് സിഐ എസ്.സജാദിനെ സ്ഥലംമാറ്റി. ട്രാഫിക് സ്റ്റേഷനിലേക്കാണു മാറ്റം.സംഭവസ്ഥലത്തുനിന്നു പ്രതികളെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെത്തുടർന്നാണു തീരുമാനം. 

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരെ രണ്ടു മണിക്കൂർ കഴിഞ്ഞ് സിഡ്ചാർജ് ചെയ്യിപ്പിച്ചതും സജാദാണെന്ന് ആരോപണം ഉണ്ടായിരുന്നു. ആശുപത്രിവിട്ട പൊലീസുകാരൻ ശരത്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്റെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ഇതു പൊലീസിനുള്ളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. സിപിഎം–എസ്എഫ്ഐ നേതൃത്വം പ്രതിസ്ഥാനത്തായ സംഭവത്തിൽ മുഖം രക്ഷിക്കാനാണ് സിഐയെ സ്ഥലംമാറ്റിയത്.

പൊലീസുകാർക്ക് സിപിഎം ഭീഷണി

മര്‍ദനമേറ്റ പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. കഴുത്തിനു പരുക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ശരതിന്റെ മാതാപിതാക്കളാണു ഡിജിപിക്കു പരാതി നല്‍കിയത്. എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് ഭീഷണിയെന്നാണ് ആരോപണം.

അതോടൊപ്പം നിലവില്‍ കന്റോണ്‍മെന്റ് പൊലീസ് എസ്എഫ്ഐക്കാര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ് ദുര്‍ബലമാണെന്നും പരാതിയുണ്ട്. കൊല്ലണമെന്ന ആക്രോശത്തോടെയാണ് എസ്എഫ്ഐക്കാര്‍ പൊലീസുകാരെ ആക്രമിച്ചത്. എന്നാല്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ശക്തവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ജില്ലാക്കമ്മറ്റി അംഗം ഇപ്പോഴും ഒളിവിൽ

പൊലീസുകാരെ മർദിച്ച എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം നസീം ഇപ്പോഴും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മർദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. രണ്ട് ദിവസം കഴിഞ്ഞ് നാല് പ്രതികള്‍ കീഴടങ്ങിയപ്പോഴും അതില്‍ നസീം ഉണ്ടായിരുന്നില്ല. പിന്നീട് നസീമിനെ പിടിക്കാന്‍ പൊലീസ് ശ്രമിച്ചുമില്ല.

അതേസമയം, രാഷ്ട്രീയ സമ്മര്‍ദം മൂലം കേസ് പാതിവഴിയില്‍ അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാണെന്നും ആക്ഷേപമുണ്ട്. കേസിലെ അട്ടിമറിശ്രമം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരുക്കേറ്റ ശരത് പരാതി നല്‍കിയിട്ടും മൊഴി പോലും പൊലീസ് എടുത്തിരുന്നില്ല. മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റ കേസായിട്ടും അന്വേഷണ ചുമതല നേരിട്ട് ഏറ്റെടുക്കാന്‍ കന്റോണ്‍മെന്റ് സിഐ തയാറായില്ല. അധിക ചുമതലയുള്ള എസ്ഐയാണു കേസ് അന്വേഷിക്കുന്നത്.

സംഭവം ഇങ്ങനെ

എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്. 12ന് വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർഥി ആക്രമിച്ചു.

മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.