Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന്; രാജപ്രതിനിധി മൂലംനാൾ പി. രാഘവവർമ

ആത്മജവർമ തമ്പുരാൻ
Pamba Sabarimala പമ്പ ഗണപതി കോവിലിനു മുന്നിൽ തേങ്ങയുടയ്ക്കുന്ന കുഞ്ഞ് അയ്യപ്പൻ. ചിത്രം – രാഹുൽ പട്ടം ∙ മനോരമ

കോട്ടയം ∙ മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തു നിന്ന് ജനുവരി 12നു ഒരു മണിക്കു പുറപ്പെടും.

തിരുവാഭരണം രാവിലെ 5നു സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ നിന്നു കർപ്പൂരാഴി ഉഴിഞ്ഞ് വലിയ ക്ഷേത്രത്തിൽ എത്തിക്കും. തുടർന്നു 12 മണി വരെ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ തുറന്നു വയ്ക്കും. ദർശനത്തിനു സൗകര്യം ഉണ്ടായിരിക്കും. തുടർന്നു 12 മണിക്ക് വലിയതമ്പുരാൻ രേവതിനാൾ പി. രാമവർമ രാജയെയും രാജപ്രതിനിധി പി. രാഘവവർമയെയും ക്ഷേത്രത്തിലേക്കു സ്വീകരിക്കും. ഇരുവരും ചേർന്നു ഘോഷയാത്ര സംഘത്തെ വിഭൂതി നൽകി അനുഗ്രഹിക്കും.

ശ്രീകോവിലിൽ മേൽശാന്തി പൂജിച്ചു നൽകുന്ന ഉടവാൾ വലിയ തമ്പുരാൻ ഏറ്റുവാങ്ങി രാജപ്രതിനിധിക്കു കൈമാറും. 12.45നു തിരുവാഭരണങ്ങൾ നീരാജനം ഉഴിഞ്ഞ് പെട്ടിയിലാക്കി ക്ഷേത്രത്തിനു പുറത്തേക്കു എഴുന്നെള്ളിക്കും. തിരുവാഭരണം അടങ്ങുന്ന പ്രധാന പേടകം ഗുരുസ്വാമി കു ളത്തിനാൽ ഗംഗാധരൻപിള്ളയും പൂജാപാത്രങ്ങൾ അടങ്ങിയപെട്ടി മരുതമന ശിവൻപിള്ളയും കൊടിയും ജീവതയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റും.

രാജപ്രതിനിധി രാജരാജശേഖര മണ്ഡപത്തിൽ തയാറാക്കിയ പല്ലക്കിലേറി ഘോഷയാത്രയെ നയിക്കും. തുടർന്ന് ശരണംവിളിയുടെ ഉച്ചസ്ഥായിയിൽ ഘോഷയാത്ര. ജനുവരി 14 നാണ് മകരവിളക്ക്.  

∙ പി. രാഘവവർമ രാജപ്രതിനിധി

മകരവിളക്ക് ഉത്സവത്തിൽ ശബരിമലയിൽ ചാർത്താനുള്ള അയ്യപ്പന്റെ തിരുവാഭരണങ്ങളുമായി പന്തളം വലിയരാജ രേവതിനാൾ പി. രാമവർമ രാജയുടെ പ്രതിനിധിയായി പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ മൂലംനാൾ പി. രാഘവവർമ (62)യെ തിരഞ്ഞെടുത്തു. മുണ്ടക്കൽ കൊട്ടാരത്തിൽ പരേതയായ അവിട്ടം നാൾ മംഗല തമ്പുരാട്ടിയുടെയും പനച്ചിക്കാട് കിഴിപ്രം ഇല്ലത്ത് പരേതനായ സി.ഡി. പുരുഷോത്തമൻ നമ്പൂതിരിയുടെയും മകനാണ്.

p-raghava-varma മൂലംനാൾ പി.രാഘവവർമ

പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയും ക്ഷത്രിയ ക്ഷേമസഭ പന്തളം യൂണിറ്റ് മുൻ പ്രസിഡന്റുമാണ്. പാലസ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി, പന്തളം കേരളവർമ സ്മാരക ഗ്രന്ഥശാല ഭരണ സമിതി അംഗം, വലിയ കോയിക്കൽ ശ്രീധർമ ശാസ്ത ക്ഷേത്രോപദേശക സമിതി പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ശബരിമല ആചാര സംരക്ഷണ സമിതി, തിരുവാഭരണ സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തകനാണ്. ഭാര്യ വെള്ളാരപ്പള്ളി കോയിക്കൽ മഠത്തിൽ അംബികാ വർമ. മകൾ: ശ്രുതി വർമ. മരുമകൻ : ചാഴൂർ കോവിലകത്ത് സി.കെ. കേരളവർമ (ഐബിഎം ബെംഗളൂരു)

∙ തിരുവാഭരണ ഘോഷയാത്ര: വഴിയും സമയവും

പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പരമ്പരാഗത വഴിയും സമയവും വിശ്രമകേന്ദ്രങ്ങളും: ജനുവരി 12നു ഒരുമണിക്ക് പ ന്തളം വലിയ കോയിക്കൽ പുത്തൻമേട തിരുമുറ്റത്തു നിന്നു ഘോഷയാത്ര പുറപ്പെടും.

1.30ന് കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം വഴി രണ്ടിന് കുളനട ദേവീക്ഷേത്രം. അവിടെ തിരുവാഭരണം തുറന്നു ദർശനം ഉണ്ടാവും. 3.15ന് കരിയറപ്പടി കടന്നു കിഴക്കോട്ടു  സഞ്ചരിച്ച് പറയങ്കര ഗുരുമന്ദിരത്തിൽ രണ്ടു മിനിട്ട് വിശ്രമം. തുടർന്ന് 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രം. ഇവിടെയും പേടകം തുറന്ന് ദർശനം ഉണ്ടാവും.

അവിടെ നിന്ന് തവിടുപൊയ്ക, കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രത്തിൽ എത്തും. 4.30ന് കിടങ്ങന്നൂർ ജംക്‌ഷൻ, അഞ്ചിന് നാൽക്കാലിക്കൽ സ്കൂൾ ജംക്‌‌ഷൻ, 5.30ന് ആറന്മുള കിഴക്കേനട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി പാമ്പാടി മണ്ണിൽ എത്തും.

അവിടെ ദർശനം ഉണ്ടാവും. 8.30ന് ചെറുകോൽപ്പുഴ ക്ഷേത്രം, 9.30ന് അയിരൂർ പുതിയകാവ് ക്ഷേത്രം. ഇവിടെയും തിരുവാഭരണ ദർശനം ഉണ്ടാവും. അന്ന് അയിരൂരിലാണ് താവളം.

പിറ്റേന്ന് പുലർച്ചെ 2.30ന് അയിരൂരിൽ നിന്നു പുറപ്പെട്ട് ഇടപ്പാവൂർ, പേരൂർച്ചാൽ, ആയിക്കൽകുന്ന്, ഇടക്കുളം (ഇവിടെ പേടകം തുറക്കും), റാന്നി – വൈക്കം വഴി 8 മ ണിക്കു വടശേരിക്കരയിൽ എത്തും. ഇവിടെയും ദർശനം ഉണ്ടാവും. 9.30ന് പ്രയാർ ക്ഷേത്രം (പേടകം തുറക്കും). തുടർന്ന് മാടമൺ, പൂവത്തുംമൂട് വഴി 11ന് കൊട്ടാരത്തിൽ എത്തും.

രണ്ടിന് പെരുനാട് ശാസ്താക്ഷേത്രം. 3.30ന് അവിടെ നിന്നു പുറപ്പെട്ട് പെരുനാട് രാജേശ്വരി ഭജന മണ്ഡപത്തിൽ എത്തി പേടകം തുറന്നു ദർശനം ഉണ്ടാവും. ആറിനു പുറപ്പെട്ട് തോട്ടം വഴി എട്ടിന് ളാഹ ഫോറസ്റ്റ് ഗെ സ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും. ഇവിടെയും തിരുവാഭരണ ദർശനം ഉണ്ടാവും.

അടുത്ത ദിവസം പുലർച്ചെ മൂന്നിന് പുറപ്പെട്ട് രാജാംപാറ, വഴി പ്ലാപ്പള്ളിയിൽ ആറിന് എത്തും. ഏഴിനു പുറപ്പെട്ട് എട്ടിന് നാറാണത്തും മൂഴിയിലും ഒൻപതിനു നില യ്ക്കൽ ക്ഷേത്രത്തിലും എത്തിച്ചേരും. അവിടെ നിന്നു 10നു പുറപ്പെട്ട് അട്ടത്തോടുവഴി കൊല്ലമൂഴി ഇറങ്ങി പമ്പയാറിന്റെ തീരത്തുകൂടി ഒലിയമ്പുഴ, കുറുങ്കയം വഴി ഒന്നിന് വലിയാനവട്ടത്ത് (പാണ്ടിത്താവ ളം) എത്തും. വിശ്രമത്തിനു ശേഷം 2.30ന് ചെ​റിയാനവട്ടം, നീലിമല ചവിട്ടി അപ്പാച്ചിമേടും കടന്ന് 4.30ന് ശബരീപീഠത്തിൽ എത്തും. 5.30ന് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ ആറുമണിയോടെ സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും.

∙ തനി തങ്കത്തിൽ തീർത്ത തിരുവാഭരണം

തിരുവാഭരണം പൂർണമായും തനി തങ്കത്തിൽ നിർമിച്ചതാണ്. ഇതിന്റെ തൂക്കമോ കാലപ്പഴക്കമോ നിശ്‌ചയിച്ചിട്ടില്ല. മൂന്നു ചന്ദനപ്പെട്ടികളിലാണ് ഇവ ശബരിമലയിൽ എത്തിക്കുന്നത്. കിരീടത്തോടുകൂടിയ തിരുമുഖം, വാൾ, ചുരിക, അരപ്പട്ട, കണ്‌ഠാഭരണങ്ങൾ, നവരത്ന മോതിരം, പൂർണ, പുഷ്‌ക്കല, ആന, കുതിര, കടുവ എന്നീ രൂപങ്ങളും പ്രധാന പേടകത്തിലാണ്. തങ്കത്തിൽ നിർമിച്ച വലിയ കലശമാണ് രണ്ടാമത്തെ പെട്ടിയിൽ. സ്വർണ കുമിളകൾ പതിച്ച രണ്ട് കൊടികൾ, നെറ്റിപ്പട്ടം, തിടമ്പ് എന്നിവയാണ് മൂന്നാമത്തെ പെട്ടിയിൽ.

∙ ഐതിഹ്യം

യുവരാജാവായി മണികണ്‌ഠനെ അഭിഷേകം ചെയ്‌തു കാണാൻ പന്തളം രാജാവിനു കഴിഞ്ഞില്ല. ഇതിൽ ദുഃഖിതനായ രാജാവ് വർഷത്തിൽ ഒരിക്കലെങ്കിലും രാജകീയവേഷം അണിഞ്ഞു കാണാൻ അവസരം തരണമെന്നു പ്രാർഥിച്ചു. പിതാവിന്റെ അഭിലാഷം നിറവേറ്റാൻ മണികണ്ഠൻ സമ്മതിച്ചു. ഇതനുസരിച്ചാണ് തിരുവാഭരണം നിർമിച്ചത്. മകരസംക്രമ സന്ധ്യയിലാണ് കാനനവാസനായ മണികണ്‌ഠനു തിരുവാഭരണം ചാർത്തുന്നത്.