ടൊറന്റോ∙ തിരുപ്പിറവി ആഘോഷങ്ങൾക്കായി വിശ്വാസിസമൂഹം ഒരുങ്ങുന്ന വേളയിൽ സിറോ മലബാർ സഭയിലും കാനഡയിലും മറ്റൊരു പിറവി. കാനഡയിലെ സിറോ മലബാർ സഭാ എക്സാർക്കേറ്റ് ഇനി മിസ്സിസാഗ രൂപത. മാർ ജോസ് കല്ലുവേലിൽ അജപാലകനായി രൂപീകരിച്ച എക്സാർക്കേറ്റിന് രൂപതയിലേക്കുള്ള പൂർണതയ്ക്ക് വേണ്ടിവന്നത് 39 മാസങ്ങൾ മാത്രം. സെന്റ് അൽഫോൻസ കത്തീഡ്രലിൽ ശനിയാഴ്ച രാവിലെ കുർബാനമധ്യേ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്താണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇവിടെ നടത്തിയത്. മാർ ജോസ് കല്ലുവേലിൽ മെത്രാനായി തുടരും. ജനോന്മുഖ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഇനിയുള്ള ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലും രൂപതയുടെ സാന്നിധ്യമറിയിക്കുമെന്നും ഇതിനുള്ള ശ്രമങ്ങളിലാണെന്നും മാർ ജോസ് കല്ലുവേലിൽ വ്യക്തമാക്കി.
രൂപതയുടെ പദവിയില്ലാത്തതും എന്നാൽ ഇതിനോട് സമാനവുമായ ഭരണസംവിധാനവുമായ എക്സാർക്കേറ്റിന്റെ പ്രഖ്യാപനം 2015 ഓഗസ്റ്റിലായിരുന്നു. തുടർന്ന് ആത്മീയ, ഭൗതിക മേഖലകളിലുണ്ടായ വളർച്ചയാണ് അതിവേഗം രൂപതയിലേക്കുള്ള കുതിപ്പിനു വഴിയൊരുക്കിയത്. ചിതറിക്കടന്ന വിശ്വാസിസമൂഹത്തെ ഒരു കുടക്കീഴിൽ എത്തിക്കാനായെന്നതാണു നേട്ടങ്ങളിൽ പ്രധാനപ്പെട്ടത്. കാനഡയിൽ എക്സാർക്കേറ്റിനായി ഫ്രാൻസിസ് മാർപാപ്പയ്ക്കു ശുപാർശ സമർപ്പിക്കുമ്പോൾ പതിനെട്ട് മിഷൻ സെന്ററുകളാണുണ്ടായിരുന്നത്. മെത്രാഭിഷേകം നടക്കുമ്പോഴേക്കും അത് 23 ആയിരുന്നു. പിന്നീട് അത് 33 ആയി. നിലവിൽ ചെറുതും വലുതുമായി 52 ആരാധനാസമൂഹങ്ങളും 24 വൈദികരും 12 സന്യസ്തരുമാണുള്ളത്. റോമിലും നാട്ടിലുമായി ആറ് സെമിനാരി വിദ്യാർഥികളുമുണ്ട്. സോഷ്യൽ സർവീസ്, ഷെപ്പേഡ് ഓഫ് ഫെയ്ത്, ഫാമിലി അപ്പസ്തലേറ്റ് എന്നിവയുൾപ്പെടെ ഇരുപത്തിയൊന്ന് ഡിപ്പാർട്മെന്റുകളാണ് ഇപ്പോൾ അൽമായരുടെയും മറ്റും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നത്. രൂപതയുടെ കാര്യത്തിലെന്നപോലെ കുടുംബയൂണിറ്റുകളും ശാക്തീകരണഘട്ടത്തിലാണ്. ഇതൊക്കെയാണ് രൂപതാപദവി എന്ന സ്വപ്നം കുറഞ്ഞ സമയത്തിനുള്ളിൽ യാഥാർഥ്യമാകുന്നതിനു തുണയായത്.
ടൊറന്റോ സെന്റ് തോമസ്, മിസ്സിസാഗ സെന്റ് അൽഫോൻസ കത്തീഡ്രൽ, എഡ്മിന്റൻ സെന്റ് അൽഫോൻസ് ഫൊറനോ എന്നിവയ്ക്കു പുറമെ നാലാമത്തെ സ്വന്തം ദേവാലയം ലണ്ടനിൽ കൂദാശ ചെയ്യുന്നതിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെയായിരുന്നു രൂപതാ പദവി പ്രഖ്യാപനമെന്നത് ഇരട്ടിമധുരമായി. ഏവരും പ്രതീക്ഷയോടെയും പ്രാർഥനയോടെയും കാത്തിരുന്ന വലിയ അനുഗ്രഹത്തിലേക്കാണ് കർത്താവ് നമ്മെ നയിക്കുന്നതെന്ന ആമുഖത്തോടെയാണ് മിസ്സിസാഗ രൂപതാ രൂപീകരണവും മാർ ജോസ് കല്ലുവേലിനെ മെത്രാനായി നിയോഗിക്കുന്നതുമായ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം മാർ അങ്ങാടിയത്ത് പങ്കുവച്ചത്. കൂർബാനയോടനുബന്ധിച്ചു നടന്ന ചടങ്ങിനൊടുവിൽ മാർ ജേക്കബ് അങ്ങാടിയത്ത് മാർ കല്ലുവേലിലിന് മധുരം നൽകി. രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ അരിക്കാട്ട്, പ്രൊക്യുറേറ്റർ ഫാ. ജേക്കബ് എടക്കളത്തൂർ, ചാൻസലർ ഫാ. ജോൺ മൈലംവേലിൽ, ഫാ. പത്രോസ് ചന്പക്കര, ബിഷപ്പിന്റെ സെക്രട്ടറി ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രൂപതയായി ഉയർത്തപ്പെട്ടതോടെ വിശ്വാസിസമൂഹത്തെ കോർത്തിണക്കാനും വൈദികരെ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് വേഗം കൈവരിക്കാനുമാകും. ഈ മണ്ണിൽനിന്നുതന്നെ ദൈവവിളിയുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതും തുടരും. ഈ ചെറിയവരിൽ ഒരാൾപോലും നശിക്കാൻ പാടില്ല എന്ന ബൈബിൾവചനവും യേശുവിന്റെ സുവിശേഷദൗത്യവുമാണു പ്രചോദനം. വാൻകൂവർ, കാൽഗരി, ഹാമിൽട്ടൻ, നയാഗ്ര, കേംബ്രിജ് എന്നിവടങ്ങളിലെ വിശ്വാസസമൂഹവും സ്വന്തമായ ദേവാലയമെന്ന സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണ്. ധ്യാന ടീമിനെയും മറ്റും പ്രാദേശികമായി കണ്ടെത്തും. യുവതലമുറയ്ക്ക് ഇടവകകളുടെ നടത്തിപ്പിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം ഇന്റർനാഷനൽ സ്റ്റുഡന്റ്സിനെയും സീനിയേഴ്സിനെയും കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഒരുക്കത്തിലാണ്. വിവിധ മേഖലകളിലെ പ്രഫഷനലുകളുടെ സഹകരണത്തോടെ എക്സാർക്കേറ്റിന്റെ പ്രവർത്തനങ്ങൾ സിറോ മലബാർ സമൂഹത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. എല്ലാ ഇടവകളിലും കാരുണ്യസംരംഭങ്ങൾക്കുള്ള കൂട്ടായ്മകൾ രൂപീകരിക്കുന്നതിനു നടപടിയെടുക്കും. സഭാസമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി ഡിവൈൻ അക്കാദമി കൂടുതൽ സജീവമാക്കും.
ആറു പതിറ്റാണ്ടു മുൻപ് കുറവിലങ്ങാട് തോട്ടുവായിൽനിന്നു പാലക്കാട് ജെല്ലിപ്പാറയിലേക്കു കുടിയേറിയ കല്ലുവേലിൽ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് കാനഡയിലെ കുടിയേറ്റ സമൂഹത്തിന്റെ അജപാലകൻ മാർ ജോസ് കല്ലുവേലിൽ. സിറോ മലബാർ സഭയുടെ ഭാരതത്തിനു പുറത്തുള്ള കന്നി എക്സാർക്കേറ്റായിരുന്നു കാനഡയിലേത്. മാർ ജോസ് കല്ലുവേലിലാകട്ടെ പാലക്കാട് രൂപതയിൽനിന്നു മെത്രാനാകുന്ന ആദ്യ വൈദികനും. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിമ്പൻ വൈദികരാകാൻ തിരഞ്ഞെടുത്ത ആദ്യ ബാച്ചിലെ പത്തുപേരിൽ ഒരാളാണ്. തിരുപ്പട്ടം സ്വീകരിച്ചത് 1984 ഡിസംബർ 18ന്. അഞ്ചു വർഷം മുന്‍പ് കാനഡയിലേക്ക് വൈദികനായി കുടിയേറുംമുൻപ് മാർ ജേക്കബ് മനത്തോടത്തിന്റെ കീഴിൽ പതിനൊന്ന് വർഷത്തോളം രൂപതാ മതബോധന ഡയറക്ടറായിരുന്നു. പാസ്റ്ററൽ സെന്ററിന്റെയും കെസിഎസ്എല്ലിന്റെയും ചുമതലകളും വഹിച്ചിട്ടുണ്ട്. പാലക്കാട് കത്തീഡ്രലിലും കാഞ്ഞിരപ്പുഴ ഫൊറോന പള്ളിയിലും അഗളി, കുറുവന്പാടി, പുലിയറ, പന്തലാംപാടം, ഒലവക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുക്കുംപാറ തുടങ്ങിയ ഇടവകളിലും വികാരിയായിരുന്നു. ഇറ്റലിയിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽ മതബോധനത്തിൽ ഗവേഷണബിരുദവും നേടി.