Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്തിഷ്കം ‘തുളച്ച്’ ക്യൂബൻ രഹസ്യ ആയുധം; ഇത്തവണ ഇരകൾ കനേഡിയൻ നയതന്ത്രജ്ഞർ

US-Embassy-Cuba-Magnetic-Waves ക്യൂബയിലെ അമേരിക്കൻ എംബസി (ഇടത്) നയതന്ത്ര പ്രതിനിധികള്‍ റെക്കോർഡ് ചെയ്ത ശബ്ദം വിദഗ്ധര്‍ വിശകലനം ചെയ്യുന്നു (വലത്–ഫയൽ ചിത്രം)

ഒട്ടാവ∙ യുഎസിനു പിന്നാലെ കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കു നേരെയും ക്യൂബയിൽ ‘രഹസ്യ ആയുധ’ ആക്രമണം  ഹവാനയിലെ കനേഡിയൻ സ്ഥാനപതി കാര്യാലയത്തിലെ ജീവനക്കാരിൽ ഒരാൾക്കു കൂടി മസ്തിഷ്കത്തെ ബാധിക്കുന്ന അജ്ഞാത രോഗാവസ്ഥ സ്ഥിരീകരിച്ചു. ‘ബ്രെയിൻ ട്രോമ’യെന്നാണു വിശേഷിപ്പിക്കുന്നതെങ്കിലും ഇതിലേക്കു നയിച്ചത് എന്തു തരത്തിലുള്ള ആക്രമണമാണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. മസ്തിഷ്ക കോശങ്ങൾക്കു പോലും നാശം വരുത്തുംവിധം ശക്തമായ തരംഗങ്ങളാണ് നയതന്ത്രജ്ഞർക്കു നേരെ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ ക്യൂബയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുനരാലോചനയ്ക്ക് ഒരുങ്ങുകയാണു കാനഡ. 

2016ലാണ് ആദ്യമായി ഇത്തരത്തിലൊരു ആക്രമണം യുഎസ്–കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കു നേരെയുണ്ടാകുന്നത്. 2017 ഫെബ്രുവരിയിൽ മാത്രം 24 യുഎസ് നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയുമാണ് അജ്ഞാത രോഗം ബാധിച്ചത്. ഛർദ്ദി, തലകറക്കം, കേൾവിക്കുറവ് തുടങ്ങി എല്ലാവർക്കും ഒരേ രോഗലക്ഷണമായിരുന്നുവെന്നതു സംഭവത്തിന്റെ ദുരൂഹത കൂട്ടി. എന്നാൽ ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാർക്കോ അവിടെയെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകൾക്കോ യാതൊരു കുഴപ്പവുമുണ്ടായില്ല. തുടർന്ന് ജാഗ്രതയോടെ പരിശോധിച്ചപ്പോഴാണ് രാത്രികളിൽ അസാധാരണമായ വിധം ശബ്ദതരംഗങ്ങൾ വരുന്നതിനെപ്പറ്റി നയതന്ത്രജ്ഞർ റിപ്പോർട്ട് ചെയ്തത്. ഈ ശബ്ദവീചികൾ റെക്കോർഡും ചെയ്തു. അൾട്രാഫ്രീക്വൻസി തരംഗങ്ങളായിരുന്നു എല്ലാം. എന്നാല്‍ ഇവ എവിടെ നിന്നു വരുന്നുവെന്നത് അജ്ഞാതം. 

CUBA-US-DIPLOMACY-US Embassy-Cuba ക്യൂബയിലെ അമേരിക്കൻ എംബസിയുടെ മുന്നിലെ വെള്ളക്കെട്ടിൽ കെട്ടിടത്തിന്റെ പ്രതിബിംബം.

ക്യൂബയുടെ കയ്യിലുള്ള സോണിക് ആയുധമാണ് ഇതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കേൾവിക്കുറവ് സംഭവിച്ച എല്ലാവരെയും പരിശോധിച്ചപ്പോഴായിരുന്നു ഞെട്ടിക്കുന്ന ആ വിവരം ലഭിച്ചത്– എല്ലാവർക്കും മസ്തിഷ്കത്തിലെ കോശങ്ങളിൽ കാര്യമായ തകരാർ സംഭവിച്ചിരിക്കുന്നു. മൈക്രോവേവ് തരംഗങ്ങൾ കൃത്യമായി ഒരു ‘പോയിന്റ്’ ലക്ഷ്യംവച്ചു തലയിൽ പതിച്ചവർക്കു സംഭവിക്കുന്ന അതേ പ്രശ്നങ്ങളായിരുന്നു ഇവർക്കെല്ലാം. ഇതോടെ കഴിഞ്ഞവർഷം ഒക്ടോബർ ആദ്യം ക്യൂബയുടെ 15 നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കി. അൻപതിലേറെ നയതന്ത്രജ്ഞർ ക്യൂബയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പരാമവധി 18 പേരെ മാത്രമാണ് യുഎസ് നിലനിർത്തിയിരിക്കുന്നത്. അവർക്കാകട്ടെ കർശന ജാഗ്രതാനിർദേശവുമുണ്ട്. 

എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണത്തെയെല്ലാം ക്യൂബ തള്ളിക്കളഞ്ഞു. കനേഡിയൻ ഫെഡറൽ പൊലീസിന്റെ അന്വേഷണത്തിൽ യുഎസിനൊപ്പം ക്യൂബയും സഹകരിക്കുന്നുമുണ്ട്. അതിനിടെയാണിപ്പോൾ 2018 ജൂണിൽ ഒരു കനേഡിയൻ നയതന്ത്രജ്ഞനു നേരെയും ‘അജ്ഞാത’ ആക്രമണമുണ്ടായതായ റിപ്പോർട്ട് പുറത്തു വന്നത്. അതോടെ ക്യൂബയിൽ ഇത്തരത്തിലുള്ള സംഭവത്തിന് ഇരകളായ കാനഡക്കാരുടെ എണ്ണം 13 ആയി. സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തങ്ങളുടെ പ്രതിനിധികളെയെല്ലാം ഇക്കഴിഞ്ഞ ഏപ്രിലിൽ കാനഡ തിരികെ വിളിച്ചിരുന്നു. ഇത്തരത്തിൽ മടങ്ങിയ ഉദ്യോഗസ്ഥനിൽ നടത്തിയ പരിശോധനയിലാണു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജേണല്‍ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ആരോഗ്യവിദഗ്ധർ വിശദീകരിച്ച രോഗസ്വഭാവങ്ങളെല്ലാം ഇദ്ദേഹവും പ്രകടിപ്പിച്ചു. മസ്തിഷ്കത്തിനു ‘മുറിവേറ്റതായും’ തെളിഞ്ഞു. ഇതോടെ അജ്ഞാത ആക്രമണം നയതന്ത്ര പ്രതിനിധികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നു കാനഡയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഇലക്ട്രോമാഗ്നറ്റിക്’ ആയുധമാണ് ഇതിനു വേണ്ടി ക്യൂബ ഉപയോഗിച്ചതെന്ന് യുഎസ് ഭരണകൂടവും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. 

us embassy ക്യൂബയിലെ യുഎസ് എംബസിയുടെ മുന്നിൽ നിന്ന് (ഫയൽ ചിത്രം)

രാജ്യാന്തര വിഷയം, ഇമിഗ്രേഷന്‍, പ്രതിരോധം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അജ്ഞാത ആക്രമണമെന്നത് ദൂരൂഹതയുടെ മൂർച്ച കൂട്ടുന്നു. തലകറക്കം, ക്ഷീണം, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, തലവേദന, കേൾവി–കാഴ്ചക്കുറവ്, ഛർദ്ദി, ഏകാഗ്രത നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു ഇവർക്കെല്ലാം. യുഎസിൽ നിന്നുള്ള 21 പ്രതിനിധികളെ പരിശോധിച്ചായിരുന്നു പെന്‍സിൽവാനിയ സർവകലാശാലയിലെ വിദഗ്ധർ റിപ്പോർട്ട് തയാറാക്കിയത്.

ക്യൂബയിലെ നയതന്ത്രസാന്നിധ്യം സംബന്ധിച്ച അവലോകനത്തിനായി പ്രത്യേക കനേഡിയൻ സംഘം അടുത്തയാഴ്ച അവിടേക്കു പോകുന്നുണ്ട്. യുഎസിനു പിന്നാലെ കാനഡയുമായുള്ള ക്യൂബയുടെ ബന്ധവും ഉലയുമോയെന്നത് ആ സന്ദർശനത്തിനപ്പുറം വ്യക്തമാകും.