പത്തനംതിട്ട∙ ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്കു സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മല കയറാൻ അനുവദിക്കില്ല. വരുംദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാകും. യുവതികളിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാൻ അനുവദിക്കണം. അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡിജിപി ലോക്നാഥ് ബെഹ്‍റയ്ക്ക് റിപ്പോർട്ട് നല്‍കി.
ഇന്നലെ ശബരിമല കയറാനെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ നിരവധി കേസുകളുള്ളതായാണു പൊലീസ് ഭാഷ്യം. ശബരിമലയില്‍നിന്ന് തിരിച്ചിറക്കിയ കനകദുർഗയും ബിന്ദുവും തിരികെ പോകാൻ തയാറാണെന്ന് അറിയിച്ചതായി പൊലീസ് വ്യക്താക്കിയിട്ടുണ്ട്. ഈ തിരക്കിനിടയിൽ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു. തിരക്ക് ഒഴിയുമ്പോൾ മറ്റൊരു ദിവസം ശബരിമലയിലേക്കു പോകാനും തീരുമാനമായി. ശബരിമല കയറാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചിരുന്നു. യുവതികൾക്കെതിരെ മെഡിക്കൽ കോളജിൽ വച്ച് ശരണംവിളിയും ചീമുട്ടയേറും ഉണ്ടായി.
കഴിഞ്ഞ ദിവസം മനിതി പ്രവര്‍ത്തകർ എത്തിയ സ്വകാര്യവാഹനം നിലയ്ക്കൽ കടന്നതു പരിശോധിക്കുമെന്ന് ശബരിമല നിരീക്ഷകസമിതി അറിയിച്ചു. ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കും. നിലവിൽ സ്വകാര്യവാഹനങ്ങള്‍ക്ക് നിലയ്ക്കലിൽനിന്ന് പമ്പയിലേക്കു കർശന നിയന്ത്രണമുണ്ട്. ശബരിമലയിലെ വാർത്തകൾ അറിയാം ലൈവ് അപ്ഡേറ്റ്സിൽ....