അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ബിജെപിക്കു മാത്രമേ സാധിക്കൂ: യോഗി

യോഗി ആദിത്യനാഥ്

ലക്നൗ ∙ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിക്കു മാത്രമേ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനാകൂവെന്നു യോഗി വ്യക്തമാക്കി. ലക്നൗവിൽ യുവ കുംഭ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമക്ഷേത്രം നിർമിക്കുമെന്ന് ഉറപ്പു നൽകുന്ന രാഷ്ട്രീയ പാർട്ടിക്കേ വോട്ടു ചെയ്യൂവെന്നാണു ജനങ്ങളിൽ ചിലർ പറയുന്നത്. അതെപ്പോൾ സംഭവിച്ചാലും ഞങ്ങൾക്കു (ബിജെപി) മാത്രമേ ക്ഷേത്രം നിർമിക്കാനാകൂ. മറ്റാർക്കും അതിനു സാധിക്കില്ല’– യോഗി പറഞ്ഞു. പരിശുദ്ധമായ ഹിന്ദുത്വത്തെ വോട്ടിനുവേണ്ടി ചിലർ ദുരുപയോഗിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് അദ്ദേഹം ആരോപിച്ചു.

സമീപകാലത്തായി ഹിന്ദു ഉൽസവങ്ങളും ആചാരങ്ങളും അപമാനിക്കപ്പെടുന്നു. കുംഭമേള പോലും യുവാക്കൾക്കും ദലിതർക്കും സ്ത്രീകൾക്കും പരിസ്ഥിതിക്കും എതിരാണെന്ന് ആരോപണമുയരുന്നു. ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമാകും പ്രയാഗ്‌രാജ് കുംഭമേളയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.