പത്തനംതിട്ട∙ പമ്പയിലെത്തിയ മനിതി സംഘം ശബരിമല യാത്രയ്ക്കൊരുങ്ങിയതു സ്വയംകെട്ടുനിറച്ച്. പമ്പയിൽ ദേവസ്വം ബോർഡിന്റെ പരികർമികൾ കെട്ടുനിറച്ചു നല്‍കാൻ വിസമ്മതിച്ചു. ഇതേ തുടർന്നാണ് തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം സ്വയം കെട്ടുനിറച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിലെത്തിയത്.
തങ്ങൾ ആക്ടിവിസ്റ്റുകളല്ലെന്നും വിശ്വാസികളാണെന്നും ഇവർ വ്യക്തമാക്കി. വിശ്വാസികളുടെ മറ്റൊരു സംഘം ഉടൻ എത്തുമെന്ന് മനിതി നേതാവ് സെൽവി പറഞ്ഞു. അവരും കെട്ടുനിറച്ച് മല കയറുമെന്നും സെൽവി അവകാശപ്പെട്ടു. കമ്പംമേട് വഴിയാണ് മനിതി സംഘം കേരളത്തിലേക്കു പ്രവേശിച്ചത്. വഴിയിൽ പലയിടത്തും ഇവർക്കെതിരെ പ്രതിഷേധമുണ്ടായി.
ഇന്നലെ രാത്രി കട്ടപ്പന പാറക്കടവിൽ മനിതി അംഗങ്ങളുടെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്റെ മുന്നിൽ കിടന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആകെ 40 പേരുള്ള സംഘത്തിൽ 15 പേർ 50 വയസ്സിനു താഴെയുള്ളവരാണെന്നാണു സൂചന. ചെന്നൈ സെൻട്രൽ, എഗ്മൂർ സ്റ്റേഷനുകളിൽ യുവതികളെ തടയാൻ ശ്രമമുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് ശബരിമലയിലെ നിരോധനാജ്‍ഞ ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.