കോട്ടയം∙ പൊൻകുന്നത്ത് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ 3 പേർ മരിച്ചു. കോട്ടയം മണർകാട് കിഴക്കേപ്പറമ്പിൽ സുകുമാരൻ (മോനായി-46), കോട്ടയം വടവാതൂർ കളത്തിപ്പടി കാർത്തികപ്പള്ളി വീട്ടിൽ ഭരതന്റെ മകൻ ഉല്ലാസ് (46), പാലക്കാട് ആലത്തൂർ താലൂക്കിൽ ഇലമന്ദം തേൻകുറിശി കുറിഞ്ചിത്തിക്കാലായിൽ സ്വാമി നാഥന്റെ മകൻ കണ്ണദാസൻ (36) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 6.45ന് പൊൻകുന്നം– പാലാ റോഡിൽ ഇളങ്ങുളം ഗുരുമന്ദിരം, 2–ാം മൈൽ എന്നിവയ്ക്ക് ഇടയിൽ ആയിരുന്നു അപകടം. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആനിക്കാട് മൂലേപ്പീടിക കുന്നുംപുറത്ത് അജി (40)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സാരമായ പരുക്ക് ഇല്ലാത്തതിനാൽ ചികിൽസ നൽകി വിട്ടയച്ചു. സുകുമാരന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഉല്ലാസിന്റെയും കണ്ണദാസന്റെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
ഓട്ടോ മൊബൈൽ വർക് ഷോപ്പ് സംബന്ധമായ ജോലിക്കായി പള്ളിക്കത്തോട് നിന്നു പീരുമേടിനു പോകുകയായിരുന്നു കാർ യാത്രക്കാർ. അമിതവേഗം കുറയ്ക്കുന്നതിനു സ്ഥാപിച്ച സ്പീഡ് ബ്രേക്കർ വഴി ഇരു വാഹനങ്ങളും കടന്നു പോകാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപകടം. മഴ കഴിഞ്ഞ സമയത്തായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാർ വെട്ടി പൊളിച്ചാണു പുറത്തെടുത്തത്.