കൊച്ചി∙ പാവപ്പെട്ടവരുടെ റേഷനരി തട്ടിയെടുക്കാനാണു പിണറായി വിജയന്റെ ശ്രമമെന്നു കെ.വി.തോമസ് എംപി. ‘നിങ്ങളുടെ റേഷൻ വിട്ടു നൽകൂ, അതു മറ്റു ചിലരുടെ വിശപ്പകറ്റും’ എന്ന പരസ്യം പാവപ്പെട്ടവന്റെ അന്നത്തിൽ കൈയിട്ടു വാരുന്നതിനു സമമാണ്. ഇതിനെതിരെ ഗവർണറെ കണ്ടു പരാതി നൽകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗക്കാരോടാണു റേഷൻ വേണ്ടെന്നു വയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ അഭ്യർഥന. ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ആർക്കു കൊടുക്കാനാണ് എന്നു സർക്കാർ വ്യക്തമാക്കണം.
മുഖ്യമന്ത്രിയുടെ ചിത്രം സഹിതമുള്ള പരസ്യം അദ്ദേഹത്തിന്റെ ഓഫിസ് അറിയാതെയാവില്ല. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ഇതിനു പിന്നിൽ. പാർലമെന്റിലും പിന്നീടും സിപിഎം ഈ ജനകീയ അവകാശത്തെ എതിർത്തിരുന്നു. ഓരോ വിഭാഗത്തിനും വ്യവസ്ഥ ചെയ്ത ഭക്ഷ്യധാന്യങ്ങൾ കൊടുക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്.’– അദ്ദേഹം പറഞ്ഞു.