Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരവിളക്കിനു മുമ്പ് ഇനിയുമെത്തും വനിതകള്‍; ‘കേരളബന്ധം’ സൂക്ഷിക്കണമെന്ന് ഇന്റലിജൻസ്

sabarimala-bindu-kanaka മലകയറിയ യുവതികളെ പൊലീസ് തിരിച്ചിറക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാല്‍

തിരുവനന്തപുരം ∙ മകരവിളക്കിനു മുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വിവിധ വനിതാ സംഘടനകള്‍ തയാറെടുക്കുന്നതായും ഇവര്‍ക്കു രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകള്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ തയാറെടുക്കുന്നു. ഇവര്‍ക്കെല്ലാം ഏതെങ്കിലും തരത്തില്‍ കേരള ബന്ധങ്ങളുള്ളതായാണു വിവരം.

മകരവിളക്കു കഴിയുന്നതുവരെ യുവതീപ്രവേശ വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ സംഘടനകള്‍ ശ്രമിക്കുമെന്നാണു സൂചന. 19ന് നട അടയ്ക്കുന്നതുവരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു സർക്കാരിനോടും പൊലീസിനോടും ഇന്റലിജൻസ് നിർദേശിച്ചു. മാധ്യമശ്രദ്ധ കിട്ടാനായി സംഘടനകള്‍ യുവതികളെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില രാഷ്ട്രീയ സംഘടനകള്‍ ഇതര സംസ്ഥാനങ്ങളിലെ അനുഭാവികളെ ഉപയോഗിച്ച് ഇവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പന്ത്രണ്ടോളം സംഘടനകള്‍ നിരീക്ഷണത്തിലാണ്. സജീവമായ സംഘടനകളല്ല ഇവയില്‍ പലതും. വിശ്വാസത്തിന്റെ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നയിപ്പു നല്‍കിയിട്ടുണ്ട്. 27നാണു മണ്ഡലപൂജ. അന്നു നട അടച്ചശേഷം 30ന് വീണ്ടും തുറക്കും. 11നാണു പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 19ന് നട അടയ്ക്കും.

പ്രതിഷേധങ്ങള്‍ക്കു ശമനം വന്നതോടെ ശബരിമലയിൽ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇനി മുന്നിലുള്ള 24 ദിവസം പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ സുരക്ഷ ശക്തമാക്കാനാണു പൊലീസിന്റെ തീരുമാനം. 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പൊലീസുകാരെ വിന്യസിക്കും. ഇവരില്‍ 230 പേര്‍ വനിതകളാണ്. 400 എസ്ഐ, 95 സിഐ, 34 ഡിവൈഎസ്പിമാർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും.